മണിപ്പൂരില്‍ കുക്കി വിഭാഗത്തിനെതിരെ കൊലവിളിയുമായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. കുക്കി- മെയ്തി സമുദായങ്ങള്‍ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് ബിരേൻ സിങ്ങിനെതിരെ ബിജെപിയിലും എതിർപ്പുയര്‍ന്നിരുന്നു. പ്രധാന സഖ്യകക്ഷിയായ എൻപിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കൊലവിളി പ്രതികരണം. ജിരിബാമില്‍ കൊല്ലപ്പെട്ട ആറ് പേരുടെയും മരണത്തിന് കാരണക്കാരായ കുക്കികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ വിശ്രമിക്കില്ലെന്ന് ബിരേന്‍ സിങ് എക്സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. മെയ്തി വിഭാഗക്കാരനായ മുഖ്യമന്ത്രി സ്വന്തം സമുദായത്തിനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന കുക്കി വിഭാഗം ബിജെപി എംഎല്‍എമാരുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ പ്രതികരണം. സ്വന്തം കസേര സുരക്ഷിതമാക്കാന്‍ മെയ്തി തീവ്രസംഘടനകളെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ബിരേൻ സിങ് വിളിച്ച യോഗം 11 ബിജെപി എംഎൽഎമാർ ബഹിഷ്കരിച്ചിരുന്നു. ഇതിൽ കുക്കി-മെയ്തി വിഭാഗങ്ങളിൽപ്പെട്ട എംഎൽഎമാരും ഉൾപ്പെടുന്നു. സംഭവം വാർത്തയായതോടെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വീണ്ടും അക്രമം രൂക്ഷമായ ജിരിബാമില്‍ നിന്നും പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ വർഷം കലാപം ആരംഭിച്ചത് മുതൽ ബിരേൻ സിങ്ങിനെതിരെ പാർട്ടിയിൽ എതിർപ്പുയരുന്നുണ്ട്. കുക്കി, മെയ്തി വിഭാഗത്തിൽപ്പെട്ട ബിജെപി എംഎൽഎമാർ നിരവധി തവണ പാർട്ടി നേതൃത്വത്തിനോട് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ അമിത് ഷായുടെ പിന്തുണ ബിരേന്‍ സിങ്ങിനുണ്ട്. ഇതാണ് സ്ഥാനം നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിന് തുണയാകുന്നത്.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സർക്കാർ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി വ്യക്തമാക്കിയിരുന്നു. വംശീയ സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് ഭരണ തലത്തിൽ നേതൃമാറ്റം ആവശ്യമാണെന്ന് എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് കെ സാങ്മ വ്യക്തമാക്കിയിരുന്നു. നേതൃമാറ്റത്തിന് തയ്യാറായാൽ ബിജെപിയെ വീണ്ടും പിന്തുണയ്ക്കുമെന്നാണ് എൻപിപി നിലപാട്. പുതിയ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെയും മൂന്ന് മന്ത്രിമാരുടെയും വീടുകൾ അടിച്ച് തകർക്കുകയും 13 എംഎൽഎമാരുടെ വീടുകൾക്ക് തീവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിയമസഭാംഗങ്ങളുടെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തുടനീളം സൈന്യം അതീവ ജാഗ്രത തുടരുകയാണ്.