മണിപ്പൂര്‍ കലാപം നടന്നിട്ട് 17 മാസവും 12 ദിവസവും കഴിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച യോഗം പരാജയം. യോഗം വിളിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്തില്ല. ഇതോടെ യോഗം പബ്ലിസിറ്റി സ്റ്റണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള പരിപാടിയുമായിരുന്നെന്ന് കുക്കി വിഭാഗക്കാരനായ ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹാക്കിപ്പ് ആരോപിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനുള്ള നീക്കമാണിതെന്നും എംഎല്‍എ ആരോപിച്ചു. ഭരണകക്ഷിയിലുള്ള മെയ‍്തി, കുക്കി, നാഗാ എംഎല്‍എമാരെ മാത്രമാണ് യോഗത്തിന് ക്ഷണിച്ചത്. എന്നിട്ടും സംസ്ഥാന മുഖ്യമന്ത്രി ബീരേന്‍ സിങ് ചര്‍ച്ചയ‍്ക്ക് പോയില്ല. മണിപ്പൂരിലെ പ്രതിപക്ഷനേതാവ് കെയ‍്ഷാം മേഘചന്ദ്ര സിങ് ഡല്‍ഹിയിലുണ്ടായിട്ടും അദ്ദേഹത്തെ ക്ഷണിച്ചില്ല. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം. രാജ്യസഭാ എംപി അജിത് ഗോപ്ചഡെ, ബിജെപിയുടെ വടക്ക് കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള സമ്പിത് പത്ര, മറ്റ് ചില ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജനാധിപത്യത്തില്‍ എല്ലാ രാഷ്‍ട്രീയ പാര്‍ട്ടികളുടെയും പ്രതിപക്ഷ എംഎല്‍എമാരുടെയും പങ്കാളിത്തം പ്രധാനമാണെന്നും എന്നാലത് ഉണ്ടായില്ലെന്നും കെയ‍്ഷാം മേഘചന്ദ്ര സിങ് ചൂണ്ടിക്കാട്ടി. കുക്കി എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും അവരുടെ വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനമുള്ള കേന്ദ്രഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, കുക്കി എംഎല്‍എമാര്‍ മെയ‍്തി, നാഗാ എംഎല്‍എമാരുമായുള്ള സംയുക്ത യോഗങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. ഇക്കാര്യം തങ്ങളുടെ സമുദായ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും വ്യക്തമാക്കി. ഇവരുമായുള്ള യോഗം രണ്ട് മണിക്കൂര്‍ നീണ്ടു.
അതിന് ശേഷം 15 മിനിറ്റ് വീതം നാഗാ മെയ‍്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. അക്രമം തടയുമെന്ന് ഉറപ്പു നല്‍കുന്നത് വരെ യാതൊരു തുടര്‍നടപടികളും സ്വീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ‍്തു. മണിപ്പൂരിന്റെ സമാധാനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇനിയാരുടെയും ജീവന്‍ പൊലിയുന്ന സ്ഥിതിയുണ്ടാകരുതെന്നും അക്രമം ഒഴിവാക്കണമെന്ന് എല്ലാ സമുദായങ്ങളോടും അഭ്യര്‍ത്ഥിക്കാന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പല എംഎല്‍എമാരും ഇക്കാര്യം നിഷേധിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. താമസിയാതെ മറ്റൊരു യോഗം ഉടന്‍ വിളിക്കുമെന്ന് സമ്പിത് പത്ര എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവമായ യാതൊരു ചര്‍ച്ചയും നടന്നില്ലെന്നും മണിപ്പൂരിലേക്ക് മടങ്ങാനും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പ്രവര്‍ത്തിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെന്നും ഒരു എംഎല്‍എ വെളിപ്പെടുത്തിയതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ‍്തു. 2023 മേയിലാണ് മണിപ്പൂരില്‍ മെയ‍്തി, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 300ലധികം പേര്‍ മരിക്കുകയും 60,000 ലധികം ആളുകള്‍ നാടും വീടും വിട്ട് പലായനം നടത്തുകയും ചെയ‍്തു. അതിന് ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഒരു യോഗം വിളിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തത്. അത് വലിയ പ്രഹസനമായി മാറി. സംസ്ഥാന നിയമസഭയില്‍ 60 അംഗങ്ങളാണുള്ളത്. ഇതില്‍ 10 എംഎല്‍എമാര്‍ വീതം കുക്കി, നാഗ സമുദായത്തില്‍പെട്ടവരാണ്.