Site icon Janayugom Online

മണിപ്പൂർ കലാപത്തില്‍ തകർത്തത് 121 ക്രിസ്ത്യൻ പള്ളികള്‍, പലായനം ചെയ്തത് 30,000ലേറെ പേർ

മണിപ്പൂര്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രിസ്ത്യൻ പള്ളികളെന്ന് റിപ്പോർട്ട്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂർ ജില്ലയിലെ ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചാണ് തകർക്കപ്പെട്ട പള്ളികളുടെ പട്ടിക പുറത്തുവിട്ടത്. തീവെക്കുകയോ തകർക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്.
മേയ് മൂന്നിന് ആരംഭിച്ച് നാല് നാൾ നീണ്ട വംശീയ കലാപത്തിൽ 70 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 250ഓളം പേർക്ക് പരിക്കേറ്റു. ഔദ്യോഗിക കണക്ക് പ്രകാരം 30,000ഓളം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു.

മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39 പള്ളികളാണ് തകർക്കപ്പെട്ടതെന്ന് ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷന്‍റെയും മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച് സിനഡിന്‍റെയും 14 വീതം പള്ളികൾ തകർത്തു. തുയ്തഫായി പ്രെസ്‌ബിറ്റേറിയൻ ചർച്ച് മണിപ്പൂർ സിനഡിന് കീഴിലെ 13 പള്ളികൾ മേയ് നാലിന് തകർത്തു. അതേദിവസം തന്നെ ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ ഒമ്പത് പള്ളികളും തകർത്തു. ഇൻഡിപെൻഡന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ എട്ട് പള്ളികൾ കത്തിച്ചു.

ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ചിന്‍റെ അഞ്ച് ആരാധനാലയങ്ങൾ മേയ് മൂന്നിനും അഞ്ചിനും ഇടയിൽ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിച്ചു. കാത്തലിക് ചർച്ച്, മണിപ്പൂർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ ചർച്ച് എന്നിവയുടെ മൂന്ന് വീതവും ഈസ്റ്റേൺ മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച്, ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ച് എന്നിവയുടെ രണ്ട് വീതവും പള്ളികൾ തകർത്തു. ന്യൂ ടെസ്‌റ്റമെന്റ് ബാപ്റ്റിസ്റ്റ് ചർച്ചസ് അസോസിയേഷന്‍റെയും അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്‍റെയും ഓരോ പള്ളികളും തകർത്തു ‑റിപ്പോർട്ടിൽ പറയുന്നു.

eng­lish sum­ma­ry; Manipur Riots; 121 Chris­t­ian church­es were destroyed

you may also like this video:

Exit mobile version