മണിപ്പൂര്‍ കലാപത്തില്‍ സ്ത്രീകളെ നഗ്നരായി നടത്തിക്കുകയും ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതിനെ അതിഭീകരമായ സംഭവമെന്ന് സുപ്രീം കോടതി വിലയിരുത്തല്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
6000 പ്രഥമ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ എത്ര എണ്ണമാണ് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളെ കുറിച്ച് ഉള്ളതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ അത്തരത്തില്‍ തരം തിരിച്ച കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. കേസുകളുടെ പട്ടിക തിരിച്ചുള്ള കണക്കുകള്‍, എത്ര സീറോ എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു, എത്ര പേരെ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലേക്ക് ട്രാൻസ്ഫര്‍ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തു, കുറ്റവാളികളായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കുള്ള നിയമ പരിരക്ഷ, 164-ാം വകുപ്പനുസരിച്ച് എത്ര മൊഴികള്‍ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങള്‍ ഹാജരാക്കാൻ കോടതി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
കേസുകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ ലഭ്യമെന്നിരിക്കെ വിശദാംശങ്ങള്‍ അറിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെയും കോടതി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തിന് സ്ത്രീകളെ കൈമാറിയത് പൊലീസാണെന്ന ഇരകളുടെ മൊഴിയും കോടതി ഉയര്‍ത്തിക്കാട്ടി. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംഭവത്തിലെ അതിജീവിതമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇരകളുടെ മൊഴികള്‍ രേഖപ്പെടുത്താന്‍ സംവിധാനം വേണമെന്നും ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതിയെക്കുറിച്ചും പരാമര്‍ശിച്ച കോടതി കലാപം തുടങ്ങി മൂന്നു മാസത്തോളമാകുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതകളും ഉയര്‍ത്തിക്കാട്ടി. കലാപത്തിന് ഇരയായവര്‍ അവരുടെ വീടും സ്ഥലവും ഉപേക്ഷിച്ച് പലായനം ചെയ്തതും പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യവും കോടതി എടുത്തു പറഞ്ഞു.
കേസ് അസം പൊലീസിന് കൈമാറാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ അതിജീവിതമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. ഇരകളായവര്‍ക്കു കൂടി വിശ്വാസമുള്ള ഏജന്‍സിയാകണം കേസന്വേഷണം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ഈ അവസരത്തില്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കേസുകള്‍ ഇന്ന് വീണ്ടും പരിഗണിക്കും.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചേക്കും
മണിപ്പൂര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചേക്കുമെന്ന് സൂചന. ഇതിനായി പേരുകള്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് മറുപടി നല്‍കണം. ഇതിനു ശേഷമാകും കോടതി തീരുമാനം.
പൊള്ളുന്ന ചോദ്യങ്ങള്‍
മണിപ്പൂര്‍ കലാപത്തില്‍ സുപ്രീം കോടതി ഉന്നയിച്ചത് പൊള്ളുന്ന ചോദ്യങ്ങള്‍. ഒന്നുകില്‍ എല്ലാ പെണ്‍കുട്ടികളെയും സംരക്ഷിക്കുക അല്ലെങ്കില്‍ സംരക്ഷിക്കാതിരിക്കുക എന്നാണോ നയമെന്ന് കോടതി ആരാഞ്ഞു. കലാപം നിയന്ത്രിക്കുന്നതിലെ വീഴ്ച മറച്ചു വയ്ക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദം നിരത്തിയപ്പോഴായിരുന്നു ഈ ചോദ്യം. മേയ് നാലിന് നടന്ന സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് 18നാണ്. ഇത്രയും ദിവസം പൊലീസ് എന്തെടുക്കുകയായിരുന്നു. ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായെന്നും കോടതി വിലയിരുത്തി. സംഭവം നടന്ന ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്തായിരുന്നു തടസം. സംഭവം ശ്രദ്ധയില്‍ പെട്ടത് അപ്പോഴാണെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. പൊലീസിന് സംഭവം സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ലായിരുന്നോ. എഫ്ഐആര്‍ മജിസ്‌ട്രേറ്റിന് ജൂണ്‍ 20 മാത്രമാണ് കൈമാറിയത്. എന്താണ് ഇക്കാര്യത്തില്‍ കാലതാമസം വരുത്താന്‍ കാരണമായത്. രജിസ്റ്റര്‍ ചെയ്ത കലാപക്കേസുകള്‍ മുഴുവന്‍ അന്വേഷിക്കാന്‍ സിബിഐക്കു കഴിയുമോ എന്നും കോടതി എസ്ജിയോടു ചോദിച്ചു.
English Summary: Manipur video: SC comes down heavily on Centre
You may also like this video