സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതോല്പാദനത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന 80 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഹെഡ്റേസ് ടണലിന്റെ നിർമ്മാണം പൂർത്തിയായി. മാങ്കുളം പദ്ധതിയുടെ ആകെ മൂന്നര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കത്തിന്റെ രണ്ടര കിലോമീറ്റർ ദൂരമാണ് ഉദ്ദേശിച്ചതിനെക്കാൾ വേഗത്തിൽ പൂർത്തിയാക്കിയത്.
പദ്ധതിയിട്ടതിന് നാലുമാസം മുമ്പാണ് തുരങ്കനിർമ്മാണം പൂർത്തിയാക്കാനായതെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജീനീയർ ടിനു ആന്റണി ജനയുഗത്തോട് പറഞ്ഞു. ടണൽ ഡ്രൈവിങ് പൂർത്തിയാക്കി. ഇനി ടണലിൽ രണ്ടര കിലോമീറ്റർ കോൺക്രീറ്റിങ്ങും ശേഷിക്കുന്ന ഒരു കിലോമീറ്റർ സ്റ്റീൽ ലൈനിങ്ങും നടത്താനുണ്ട്. തുരങ്കത്തിന്റെ 51 ഡിഗ്രി ചരിവിലുള്ള 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിന്റെ ഡ്രൈവിങ് പ്രവൃത്തികൾ പൂർണമാകും.
ടണൽ നിർമ്മാണത്തിന് വേഗം പകർന്നത് റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിന്റെ സഹായവും 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന കെഎസ്ഇബിയിലെ ജീവനക്കാരുടെയും അശ്രാന്ത പരിശ്രമവുമാണ്. ദൃഢതയുള്ള പാറയുടെ സാന്നിധ്യം മൂലം ജോലികൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
ഡാമിന്റെ ഫൗണ്ടേഷൻ ജോലികൾ ആരംഭിച്ചതായും പവർ ഹൗസിന്റെ നിർമ്മാണം ഉൾപ്പെടെ ഇനി നടക്കാനുണ്ടെന്നും അധികൃതർ അറിയിച്ചു. രണ്ടാംഘട്ട പ്രവൃത്തികൾ കൂടി എളുപ്പമാകുന്ന വിധത്തിലാണ് ആദ്യഘട്ട ജോലികള്‍ പുരോഗമിക്കുന്നത്. രണ്ടാംഘട്ടത്തിൽ രണ്ട് ചെറിയ ഡാമുകളും ആറ് കിലോമീറ്റർ തുരങ്കവും നിർമ്മിക്കുന്ന ജോലികളായിരിക്കും നടക്കുക. രണ്ടാംഘട്ട പ്രവൃത്തികൾക്ക് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി വേണമെന്നതാണ് പദ്ധതി പൂർണമാക്കാനുള്ള കെഎസ്ഇബിയുടെ മുന്നിലെ അടുത്ത വെല്ലുവിളി. എങ്കിലും 2026 മേയിൽ തന്നെ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
പവർ ഹൗസ് റോഡിലെ പെരുമ്പൻകുത്ത് പാലവും 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണലും രണ്ട് കിലോമീറ്റർ നീളത്തിൽ അഡിറ്റിലേക്കുള്ള വനപാതയും 110 മീറ്റർ നീളമുള്ള ലോ പ്രഷർ ഷാഫ്ടും 90 മീറ്റർ ആഴമുള്ള സർജും മാങ്കുളം ഇതിനോടകം പൂർത്തിയായി.
ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിനന്ദിക്കാൻ കെഎസ്ഇബി ജനറേഷൻ ഇലക്ട്രിക്കൽ ആന്റ് സിവിൽ ഡയറക്ടർ സജീവ് ജി, പ്രോജക്ട് ചീഫ് എന്‍ജിനീയർ പ്രസാദ് വി എൻ എന്നിവര്‍ മാങ്കുളത്തെത്തിയിരുന്നു.