പത്ത് വർഷത്തോളമായി തടവിൽ കഴിയുന്ന മാവോയിസ്റ്റ് പ്രവർത്തകൻ രൂപേഷിന്റെ മനുഷ്യാവകാശങ്ങൾ ഉറപ്പ് വരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന രൂപേഷിനെതിരെ പുതിയ കേസുകൾ കർണാടകയിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് കേൾക്കുന്നു. അത്തരം നടപടികൾ ഒരു ജനാധിപത്യ സംവിധാനത്തിൽ അഭിലഷണീയമല്ലെന്നും അങ്ങനെയുണ്ടെങ്കിൽ അവ നിർത്തിവയ്ക്കണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തെയോ രീതികളെയോ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, ആരുടേയും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ വിശ്വാസങ്ങൾ എന്തുതന്നെയായാലും അവരുടെ മനുഷ്യാവകാശങ്ങൾ ഏത് സാഹചര്യത്തിലും സംരക്ഷിക്കപ്പെടണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് പ്രവർത്തകൻ രൂപേഷിന്റെ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കണം: ബിനോയ് വിശ്വം

