Site iconSite icon Janayugom Online

ചന്ദ്രയാൻ നേട്ടത്തില്‍ മറയൂരിനും ഇരട്ടിമധുരം

isroisro

ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയപ്പോൾ മറയൂരിനും അത് ഇരട്ടി മധുരമായി.

മറയൂർ പഞ്ചായത്തിലെ കരിമുട്ടിയിൽ മാരിയപ്പന്റെയും ഗോമതിയുടെയും മകൻ എം നാരായണസ്വാമി (38) അംഗമായിട്ടുള്ള വിഭാഗമാണ് ചന്ദ്രയാൻ — 3 നെ വഹിച്ചുകൊണ്ടുള്ള റോക്കറ്റ് നിർമ്മാണത്തിന് നേതൃത്വം നല്കിയത്. മെക്കാനിക്കൽ ക്വാളിറ്റി കൺട്രോൾ വിംഗാണ് ചന്ദ്രയാന്റെ നിർമ്മാണത്തിന് ഉപയോഗിച്ച പാർട്ട്സുകളുടെ ഗുണനിലവാരം പരിശോധിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച് എത്തുന്ന ഉപകരണങ്ങളുടെ ഗുണനിലവാരമാണ് ഈ സംഘം പരിശോധനക്ക് വിധേയമാക്കുന്നത്. റോക്കറ്റ് നിർമ്മിച്ച് പരിശോധന നടത്തി വിക്ഷേപണം വരെയുള്ള കാര്യത്തിൽ ഈ വിഭാഗം വളരെ വിദഗ്ധമായി ഇടപ്പെട്ടിരുന്നു.

അതിർത്തി നഗരമായ തമിഴ് നാട്ടിലെ ഉദുമല്പേട്ടയിൽ നിന്നും മെക്കാനിക്കൽ ഡിപ്ളോമ എടുത്ത ശേഷം 2008ൽ ഐഎസ്ആർഒയിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലിയിൽ ചേർന്ന എം നാരായണസ്വാമി തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഈവനിങ് ബാച്ചിൽ മെക്കാനിക്കലിൽ ബി ടെക്ക് ബിരുദം നേടി. 2017 മുതൽ ഐഎസ്ആര്‍ഒയിൽ സയന്റിസ്റ്റ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരുന്നു. നാരായണസ്വാമിയുടെ നേട്ടത്തിൽ കേരളത്തിലെ കൊച്ചുഗ്രാമമായ മറയൂരിനും ഭാരതത്തിനൊപ്പം അഭിമാനിക്കാം.

Eng­lish Sum­ma­ry: Maray­oor in Chan­drayaan achievement

You may also like this video

Exit mobile version