Site iconSite icon Janayugom Online

ഇരയെ വിവാഹം കഴിച്ചു; പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ട് സുപ്രീം കോടതി

പോക്സോ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയെ ശിക്ഷിക്കില്ലെന്ന് പരമോന്നത കോടതി. പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും തുടര്‍ന്ന് അതിജീവിതയെ വിവാഹം കഴിക്കുകയും ചെയ്ത യുവാവിനാണ് സുപ്രീം കോടതി ശിക്ഷയില്‍ നിന്ന് ഇളവ് അനുവദിച്ചത്.
2023 ല്‍ പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ജസ്റ്റിസ് അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വേറിട്ട നടപടി സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലിരിക്കെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണ കോടതി യുവാവിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ 24 വയസായിരുന്നു പ്രതിയുടെ പ്രായം. തുടര്‍ന്ന് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായപ്പോള്‍ യുവാവ് അതിജീവിതയെ വിവാഹം കഴിച്ചു. ഇപ്പോള്‍ അതിജീവിതയും കുഞ്ഞും യുവാവും കുടുംബമായി കഴിഞ്ഞുവരികയാണ്. കോടതിയുടെ നിര്‍ദേശ പ്രകാരം മാനസികരോഗ വിദഗ്ധര്‍ അടങ്ങുന്ന സമിതി പെണ്‍കുട്ടിയുടെ മാനസിക നില, ജീവിത സാഹചര്യം എന്നിവ പരിശോധിച്ചിരുന്നു. 

അതിജീവിത ഇപ്പോള്‍ കുറ്റകൃത്യമായി കേസിനെ പരിഗണിക്കുന്നില്ല. അതിജീവിതയുടെ അഭിപ്രായം മാനിച്ചാണ് കോടതി യുവാവിനെതിരെ ശിക്ഷ വിധിക്കാത്തതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിജീവിതയും യുവാവും തമ്മിലുള്ള വൈകാരിക ബന്ധം, ഇപ്പോഴത്തെ ജീവിത സാഹചര്യം എന്നിവ പരിഗണിച്ച് ഭരണഘടനയുടെ 142ാം അനുച്ഛേദം നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡിവിഷന്‍ ബെഞ്ച് സുപ്രധാന വിധി പ്രസ്താവം നടത്തിയത്.
പ്രതിയുടേത് കുറ്റകൃത്യമാണ്. എന്നാല്‍ അതിജീവിത അതിനെ ഇപ്പോള്‍ അങ്ങനെ കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ കോടതി വിധിക്കെതിരെ പ്രതി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുക്കുയും ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കൗമാരക്കാരി ലൈംഗീക പ്രേരണകള്‍ നിയന്ത്രിക്കണമെന്ന ഹൈക്കോടതി പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ സ്വമേധയ സുപ്രീം കോടതി കേസ് പരിഗണിക്കുകയായിരുന്നു. 

Exit mobile version