Site iconSite icon Janayugom Online

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി ഫെമ നടപടികള്‍ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.മസാല ബോണ്ട് കേസിൽ ഇഡി കിഫ്ബിക്ക് നൽകിയ നോട്ടീസ് ഇന്നലെ ഹൈക്കോടതി മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. 

നേരത്തെ കിഫ്ബി നല്‍കിയ അപേക്ഷ പ്രകാരം ഹൈക്കോടതി ഇഡി നടപടികള്‍ക്ക് മൂന്ന് മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി അപ്പീൽ നൽകിയതിന് പിന്നാലെയാണ് നോട്ടീസ് തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഹര്‍ജി.

Exit mobile version