Site iconSite icon Janayugom Online

ഇന്ത്യൻ എ ടീം സഹപരിശീലകനായി തലശ്ശേരിക്കാരൻ മസർ മൊയ്തു

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിന്റെ ഫീൽഡിങ്ങ് പരിശീലകനായി തലശ്ശേരിക്കാരനായ ഒ വി മസർ മൊയ്തു നിയമിതനായി. ഓസ്ട്രേലിയ എ യുമായി 2 ചതുർ ദിന മത്സരങ്ങളും ഇന്ത്യൻ സീനിയർ ടീമുമായി ഒരു ചതുർദിന മത്സരവും ഇന്ത്യൻ എ ടീം കളിക്കും. മക്കായ്, മെൽബൺ, പെർത്ത് എന്നിവിടങ്ങളിലാണ് ടീമിന്റെ മത്സരങ്ങൾ. റിതുരാജ് ഗെയ്ക്കവാദാണ് ഇന്ത്യൻ എ ടീം ക്യാപ്റ്റൻ. ഒക്ടോബർ 25 ന് ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും.

ബിസിസിഐ ലെവൽ ബി പരിശീലകനായ മസർ മൊയ്തു ദുലീപ് ട്രോഫിയിൽ ഇന്ത്യ ‘ഡി’ ടീമിന്റെ ഫീൽഡിങ്ങ് പരിശീലകനായും 2024 ഏപ്രിൽ മെയ് മാസങ്ങളിൽ ആന്ധ്രപ്രദേശിലെ അനന്ത്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും 2022, 2023 വർഷങ്ങളിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ എൻ സി എ ക്യാമ്പിലും ഫീൽഡിങ്ങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018–19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും 2017–18 സീസണിൽ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും സഹപരിശീലകനായിരുന്നു മസർ. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫീൽഡിങ്ങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കേരള ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു മസർ. 2012–13 ൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച അക്കാദമി പരിശീലകനുള്ള അവാർഡ് നേടി. കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. തലശ്ശേരി ചേറ്റംകുന്ന് ഗസലിൽ ടി സി എ മൊയ്തുവിന്റേയും ഒ വി ഷൈലയുടേയും മകനാണ്.

Exit mobile version