Site icon Janayugom Online

കൂട്ടപലായനം: അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥി പ്രവാഹം

taliban

ഭീകരസംഘടനയായ താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നിന്ന് ജനങ്ങളുടെ കൂട്ടപലായനം. രാജ്യം വിടാന്‍ വിമാനത്താവളങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടി. ചമാന്‍ അതിര്‍ത്തിവഴി പാകിസ്ഥാനിലേക്കും തജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥി പ്രവാഹം ശക്തമായി തുടരുകയാണ്.

തിക്കുംതിരക്കും കാരണം കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ വിമാനത്താവളത്തിലേക്ക് എത്തിയതോടെ തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നു. അതിനിടെ വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പേര്‍ വീണുമരിച്ചു. മുഴുവൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്.

വിദേശരാജ്യങ്ങളെല്ലാം എംബസികള്‍ അടച്ചുപൂട്ടി. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗം എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. തങ്ങളുടെ മുഴുവന്‍ പൗരന്‍മാരേയും മോചിപ്പിച്ചതായി യുഎസ് അറിയിച്ചു. ഇന്ത്യന്‍ എംബസി രണ്ട് ദിവസത്തിനകം ഒഴിപ്പിക്കും. തങ്ങളുടെ പൗരന്‍മാരെ സുരക്ഷിതമായി അഫ്ഗാനിസ്ഥാന്‍ വിടാന്‍ അനുവദിക്കണമെന്ന് 60 രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ സംബന്ധിച്ച് നാറ്റോ പ്രതിനിധികള്‍ ഇന്ന് അടിയന്തര ചര്‍ച്ച നടത്തും.

ഞായറാഴ്ചയാണ് അഫ്ഗാനിസ്ഥാൻ പൂർണമായി താലിബാൻ കീഴടക്കിയത്. തലസ്ഥാനത്തിനുനേര്‍ക്കുള്ള ആക്രമണം ഒഴിവാക്കാന്‍ ജനാധിപത്യ സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. പ്രസിഡന്റ് അഷ്റഫ് ​ഗനി രാജ്യം വിട്ട് ഒമാനില്‍ അഭയം പ്രാപിച്ചു.

കാബൂൾ കൊട്ടാരത്തിൽ നിന്ന് ദേശീയപതാക നീക്കം ചെയ്ത് പകരം താലിബാന്റെ കൊടി സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി മാറ്റുമെന്നും താലിബാൻ അറിയിച്ചു. മുൻ പ്രസിഡന്റ് ഹാമിദ് കർസായിയുടെ നേതൃത്വത്തില്‍ താൽക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണകൈമാറ്റത്തിന്റെ ചുമതല നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; Mass migra­tion: Refugee influx to neigh­bor­ing countries

You may also like this video;

Exit mobile version