Site iconSite icon Janayugom Online

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

atmatm

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച് 65 ലക്ഷം കവര്‍ന്നു. എടിഎം യന്ത്രങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവർന്ന ഹരിയാനക്കാരായ സംഘത്തെ നാമക്കലിൽ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടി. അര മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനിടെയാണ് പ്രതികളെ പിടികൂടിയത്. 

ഹരിയാന പല്‍വാല്‍ സ്വദേശികളായ ഇര്‍ഫാന്‍, സൗക്കീന്‍ ഖാന്‍, സബീര്‍, മുബാറക്, ബിസ്‌റു സ്വദേശികളായ മുഹമ്മദ് കുക്കാരം, അജാര്‍ അലി, മധ്യപ്രദേശ് സ്വദേശിയായ ജുമാമന്‍ദ്ദീന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ ജുമാമന്‍ദ്ദീന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കാലിൽ വെടിയേറ്റ അജാര്‍ അലി ആശുപത്രിയില്‍ ചികിത്സയിലാണ്. അര മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനിടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ രണ്ട് പൊലീസുകാർക്കും കുത്തേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

മോഷണ സംഘം സഞ്ചരിച്ച കണ്ടെയ്നർ ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചതോടെ നാമക്കൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സിനിമയെ വെല്ലുന്ന ഏറ്റുമുട്ടലാണ് പട്ടാപ്പകൽ നാമക്കലിൽ നടന്നത്. എടിഎമ്മിൽ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്.
ഹരിയാന സ്വദേശികളായ കൊള്ളസംഘം കാറിലെത്തി കവർച്ച നടത്തിയ ശേഷം കാർ കണ്ടെയ്നറിൽ ഒളിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. കാറിലാണ് സംഘമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കവർച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉൾപ്പെടെ കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. 

മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപയും കോലഴിയില്‍ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുലർച്ചെ 2.30നും നാലിനും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തായിരുന്നു കവര്‍ച്ച. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ സംഘമാണ് ഇപ്പോള്‍ പിടിലായതെന്ന് പൊലീസ് പറഞ്ഞു. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. 

Exit mobile version