Site iconSite icon Janayugom Online

മഹാരാഷ്ട്രയിലെ മുസ്ലീം പള്ളിയിൽ വൻ സ്ഫോടനം; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മുസ്ലീം പള്ളിയിൽ വൻ സ്ഫോടനം. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സ്ഫോടനത്തിൽ പള്ളിയുടെ തറയിലും ഘടനയിലും വിള്ളലുകളുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സ്ഫോടനം ഉണ്ടായതെന്നും പ്രതികളെന്ന് സംശയിക്കുന്നവരിൽ ഒരാൾ സ്ഫോടനത്തിൻറെ വീഡിയോ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ചതോടെയാണ് കുറ്റവാളികളെ തിരിച്ചറിയാൻ സാധിച്ചതെന്നും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിലെ വിവരങ്ങൾ പ്രകാരം, ശനിയാഴ്ച ബീഡിലെ അർധമസ്ലയിൽ വിവിധ സമുദായങ്ങളിലെ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. രാത്രി 9.30ഓടെ രണ്ട് പേർ സ്ഥലത്തെത്തി വർഗീയ പരാമർശങ്ങൾ നടത്തുകയും മസ്ജിദിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയും വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നിരുന്നാലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നു.

പിന്നീട്, ഞായറാഴ്ച പുലർച്ചെയാണ് രണ്ട് പേർ പള്ളിക്കുള്ളിൽ ജലാറ്റിൽ സ്റ്റിക്കുകൾ വച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. പള്ളിയിൽ സ്ഫോടനം നടന്നതായി തങ്ങൾക്ക് ഒരു അജ്ഞാത കോൾ ലഭിക്കുകയും തുടർന്ന് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നവനീത് കവാത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഫോടനത്തിന് ശേഷം മുസ്ലിങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി.

Exit mobile version