Site iconSite icon Janayugom Online

ശബരി റെയിൽ അട്ടിമറിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന

അങ്കമാലി- എരുമേലി ശബരി റെയിൽപ്പാതയ്ക്ക് പകരമായി ചെങ്ങന്നൂർ‑പമ്പ ആകാശപ്പാതയ്ക്കായുള്ള കേന്ദ്ര നീക്കം ചില നിക്ഷിപ്ത താല്പര്യക്കാരെ സഹായിക്കാനാണെന്ന ആക്ഷേപമുയരുന്നു. ഒരു വിദേശ മലയാളിയുടെ വൻ ടൂറിസം പദ്ധതിക്ക് ഗുണകരമാകും വിധം ശബരി പദ്ധതി ഇല്ലാതാക്കാനും ബദലായി പുതിയൊരു വന റെയിൽപ്പാത അവതരിപ്പിക്കാനും വേണ്ടിയുള്ള അണിയറ നീക്കങ്ങൾ കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാർ തലത്തിൽ സജീവമായിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 

ശബരിപ്പാതയ്ക്ക് പകരം ചെങ്ങന്നൂർ ‑പമ്പ ആകാശപ്പാത പരിഗണിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വെളിപ്പെടുത്തിയത്. കുറച്ചു നാളുകളായി ഇത് സംബന്ധിച്ച് ഉയർന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ സ്ഥിരീകരണമായത്. ശബരി റയിൽപ്പാതയുടെ ദൈർഘ്യം 111 കിലോമീറ്ററാണെന്നും എന്നാ­ൽ, ചെങ്ങന്നൂർ‑പമ്പ പാതയുടെ നീളം 60 കിലോമീറ്റർ മാത്രമേ വരികയുള്ളു എന്നതുമായിരുന്നു മന്ത്രി എടുത്തു പറഞ്ഞത്. അതേസമയം, ശബരി റയിൽപ്പാത മലയോര മേഖലയുടെയാകെ വികസന പാതയാണ് എന്നതും പാതയുടെ മൂന്ന് ഘട്ടവും പൂർത്തിയാവുമ്പോൾ ഇത് കേരളത്തിന്റെ മൂന്നാം റെയിൽവേ ഇടനാഴിയാകുമെന്നതും മന്ത്രി മറന്നുവെന്ന് ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ജന. കൺവീനറും മുൻ എംഎൽഎ യുമായ ബാബു പോൾ ചൂണ്ടിക്കാട്ടി. 

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-എരുമേലി പാതയുടെ മൊത്തം ചെലവ് 3726.56 കോടി രൂപയാണ്. ഇതിന്റെ പകുതി ചെലവ് വഹിക്കുന്നത് സംസ്ഥാനമാണ്. 60 കിലോമീറ്റർ നീളമുള്ള ചെങ്ങന്നൂർ‑പമ്പ ആകാശ പ്പാതയ്ക്ക് കണക്കാക്കുന്ന ചെലവ് 13,000 കോടി രൂപയാണ്. ഇതിന്റെ പകുതി വഹിക്കുക സംസ്ഥാന സർക്കാരിന് പ്രയാസമായിരിക്കും. ശബരി പദ്ധതിക്കാവശ്യമായി വരുന്ന 287 ഹെക്ടർ ഭൂമി 25 വർഷത്തോളമായി റയിൽവേ മരവിപ്പിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം താമസക്കാർ സ്ഥലം വില്ക്കാനോ ഈട് വച്ച് ബാങ്കിൽ നിന്ന് വായ്പയെടുക്കാനോ കഴിയാത്ത വിധം ദുരിതത്തിലാണ്. പാത‌യുടെ അലൈൻമെന്റിൽ ഇനിയും മാറ്റമുണ്ടായാൽ ദുരിതം ഇരട്ടിക്കും. 

നീണ്ടനാളത്തെ മൗനത്തിനു ശേഷം, ഇക്കുറി കേന്ദ്ര ബജറ്റിൽ ശബരി പദ്ധതിക്കായി 100 കോടി രൂപ നീക്കിവച്ചത് പൊതുവെ പ്രതീക്ഷയേറ്റിയിരുന്നു. പിന്നാലെ, വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ചയ്ക്ക് പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ കേരളത്തിലെത്തുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ് അറിയിക്കുകയും ചെയ്തിരുന്നു. ഒടുവിൽ, വന്ദേ ഭാരത് ഫ്ലാഗ് ഓഫിനായി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലായി പ്രത്യാശ. മന്ത്രി വാക്ക് പാലിക്കാതിരുന്നതും പ്രധാനമന്ത്രി മൗനം അവലംബിച്ചതും നിരാശയായി. മലയോര ജില്ലകളിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി കേന്ദ്രത്തിന്റെ വഞ്ചനയ്ക്കെതിരെ പോരാടുമെന്ന് ബാബു പോൾ പറഞ്ഞു. 

Eng­lish Summary;Massive con­spir­a­cy behind the Sabari train sabotage

You may also like this video

Exit mobile version