Site iconSite icon Janayugom Online

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 40 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവും മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ 40 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവും മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ചൊവ്വാഴ്ച രാത്രി 11.45 മണിക്ക് തായ്‌ലൻഡിൽ നിന്നും എയർ ഏഷ്യ വിമാനത്തില്‍ കരിപ്പൂരിൽ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെ എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. 34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലൻഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്.

Exit mobile version