തലസ്ഥാന നഗരിയിൽ ഫെബ്രുവരി 20 വരെ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ സംഘാടന മികവില്ലായ്മയും സുരക്ഷാ പാളിച്ചകളും വ്യാപകമാകുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ആഗോള ഉച്ചകോടിയിൽ നേരിട്ട ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഒടുവിൽ പരസ്യമായി ക്ഷമാപണം നടത്തി. യുകെയിലും ദക്ഷിണ കൊറിയയിലും പാരീസിലും നടന്ന മുൻ ഉച്ചകോടികളേക്കാൾ വലിയ തോതിൽ ഇന്ത്യ ഇത് സംഘടിപ്പിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വന്‍ വിമർശനങ്ങൾക്ക് വഴിതെളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് പലർക്കും തിരിച്ചടിയായത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി പ്രധാന ഹാൾ മണിക്കൂറുകളോളം അടച്ചിട്ടത് കാരണം നൂറുകണക്കിന് സ്റ്റാർട്ടപ്പ് സംരഭകർക്കും വിദേശ പ്രതിനിധികൾക്കും തങ്ങളുടെ സ്വന്തം സ്റ്റാളുകളിലേക്ക് പോലും പ്രവേശിക്കാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെ ഗേറ്റുകൾ അടച്ചിട്ടത് വലിയ പ്രതിഷേധത്തിനും ഇടയാക്കി.
ഡിജിറ്റൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതേണ്ട ഉച്ചകോടിയിൽ വൈഫൈ കണക്ഷൻ ലഭ്യമല്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്ന് ഡിജിറ്റൽ പേയ‌്മെന്റുകൾ തടസപ്പെടുകയും ഭക്ഷണ ശാലകളിൽ പണമായി മാത്രമേ ഇടപാടുകൾ നടത്താൻ കഴിഞ്ഞുള്ളൂ എന്നും പങ്കെടുത്തവർ ആരോപിച്ചു. ബാഗുകൾ, കാർ കീകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ പോലും ഹാളിനുള്ളിൽ അനുവദിക്കാതിരുന്നതും രജിസ്ട്രേഷൻ സൈറ്റുകൾ തുടർച്ചയായി പ്രവർത്തനരഹിതമായതും ദുരിതം ഇരട്ടിയാക്കി.
സുരക്ഷാ ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഏല്പിച്ച ലാപ് ടോപ്പുകളും വെയറബിൾ എഐ ഉപകരണങ്ങളും നഷ്ടപ്പെട്ടു എന്നും പരാതി ഉയര്‍ന്നു. നിയോസാപിയൻസ് എന്ന എഐ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ധനഞ്ജയ് യാദവ് തന്റെ ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനമില്ലായ്മയും ക്യുആർ കോഡ് സംവിധാനത്തിലെ തകരാറുകളും മാധ്യമപ്രവർത്തകരെയും വലച്ചു. പരാതികൾ വർധിച്ചതോടെ വാർത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഖേദം പ്രകടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടി സംഘടിപ്പിക്കാൻ തന്റെ ടീം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ പരിഹരിക്കാൻ പ്രത്യേക വാർറൂം സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

