Site icon Janayugom Online

മലപ്പുറത്ത് വൻ ചന്ദനവേട്ട; അരക്കോടിയുടെ ചന്ദനത്തടിയുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന, മൂല്യം കൂടിയ ചന്ദനമാണ് പിടികൂടിയത്. 

കാറിന്‍റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരത്തടികള്‍. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

ആഡംബര വാഹനങ്ങളില്‍ ചന്ദനമരത്തടികള്‍ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

Eng­lish Summary;Massive san­dal­wood hunt­ing in Malap­pu­ram; Two per­sons arrest­ed with Arako­di san­dal­wood stick

You may also like this video

Exit mobile version