ആറളം ഫാമിൽ വൻ മരംമുറി. ഫാം അഞ്ചാംബ്ലോക്കിൽ 1500 ഏക്കറിലെ കശുമാവും പാഴ് മരങ്ങളും മുറിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിച്ചു കടത്തിയത്. പാഴ് മരങ്ങളും കൃഷിയിടത്തിന് തടസമായി നിൽക്കുന്ന ചെറിയ ആഞ്ഞിലി മരം, കശുമാവുകളും മുറിച്ചുമാറ്റാനാണ് സ്വകാര്യ വ്യക്തിക്ക് കരാർ കൊടുത്തത്തത്. കൈതച്ചക്ക കൃഷി നടത്താനാണ് ഇവ മുറിക്കുന്നത്.
ഇതിനായുളള മരം മുറിയിലാണ് വൻ കൊള്ള നടത്തിയിരിക്കുന്നത്. ഇരൂൾ ഉൾപ്പെടെ സ്ഥലത്തു നിന്നും മാറ്റി. പാഴ് മരങ്ങൾ ഫാമിൽ നിന്നും കടത്തുന്നതിനിടയിലാണ് ഇത്തരം മരങ്ങളും കടത്തുന്നത്.ഇരൂൾ മരങ്ങൾ മുറിച്ചത് അറിഞ്ഞില്ലെന്നാണ് ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പറയുന്നത്. സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റിയത് ഫാമിനകത്തെ കാട്ടാനയെ ഓടിക്കാൻ തലങ്ങും വിലങ്ങും നടക്കുന്ന വനംവകുപ്പിലെ ഉദ്യോഗസ്ഥരും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലാ നിയമ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പൊലീസിൽ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹിവാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരംമുറി നടന്ന സ്ഥലം സബ് കലക്ടർ സന്ദർശിച്ചു.പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ചചെയ്യാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി സബ്കളക്ടര്‍ അറിയിച്ചു. ആറളം ഫാം പട്ടികവര്‍ഗ്ഗക്കാരുടെ ജീവനോപാധിക്കായി നിലകൊള്ളുന്ന സ്ഥാപനമാണ്. 2004ൽ കേരള സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും പകുതിഭാഗം പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പുനരധിവാസത്തിനും പകുതിഭാഗം ഫാമാക്കി നിലനിര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി ഫാമില്‍ റീപ്ലാന്റേഷന്‍ നടത്തിയിട്ടില്ല. എല്ലാ വിളകളും 1979നു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് നട്ടുപിടിപ്പിച്ചവയാണ്. അതില്‍ ഭൂരിഭാഗം വിളകളും പ്രായാധിക്യത്താല്‍ ഉല്പ്പാദനക്ഷമത കുറഞ്ഞവയുമാണ്. കൂടാതെ ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്ന് ഘട്ടം ഘട്ടമായി ആനകള്‍ ഫാമിലേക്ക് വരികയും ബാക്കിയുള്ള വിളകള്‍ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആനകള്‍ സ്ഥിരമായി നില്‍ക്കുന്ന പ്രദേശമായി ആറളം ഫാം മാറുകയും ചെയ്തു. നിലവില്‍ ആറളം ഫാം കൃഷിഭൂമിയില്‍ ഭൂരിഭാഗം പ്രദേശവും കാടുമൂടിക്കിടക്കുന്ന സ്ഥിതിയിലാണുള്ളത്. 70 ഓളം കാട്ടാനകള്‍ ഫാം കൃഷിയിടത്തില്‍ സ്ഥിരമായി തമ്പടിച്ചുവരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ആറളം ഫാം പുനരുദ്ധീകരണത്തിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് ആറളം ഫാമിലേക്കായി റീപ്ലാന്റേഷന്‍ പദ്ധതിക്കായി 198 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. അതുപ്രകാരം ബ്ലോക്ക്-5 ല്‍ പൈനാപ്പിള്‍ നട്ട് ഇടവിളയായി കശുമാവ് നടുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചുവരുന്നു. ഇതിനായി സ്ഥലം ഒരുക്കുന്നതിന് ബ്ലോക്ക്-5ലെ പാഴ്മരങ്ങള്‍ നീക്കം ചെയ്യുന്നതിനായി മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ടെണ്ടര്‍ നടപടി 2024 ഏപ്രില്‍ 15 ന് പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത ടെണ്ടര്‍ ആറളം ഫാമിന്റെ ഓഫീസില്‍ വിവിധ ഇടപാടുകാരുടെ പങ്കാളിത്തത്തോടുകൂടിയാണ് നടത്തിയത്. ആയതുപ്രകാരം മരം മുറി ആരംഭിക്കുകയും 2024 ഓഗസ്റ്റ് 31 ന് അവസാനിക്കുകയും ചെയിതു. പ്രതികൂല കാലാവസ്ഥമൂലം മുറിച്ചിട്ട മരങ്ങള്‍ കൊണ്ടുപോകുന്നതിന് കഴിയാത്തത്മൂലം കൊണ്ടുപോകല്‍ നടപടിക്ക് വീണ്ടും സമയം അനുവദിക്കമെന്ന് ടെണ്ടര്‍ നേടിയ വ്യക്തി അഭ്യര്‍ത്ഥിക്കുകയുണ്ടായി. അഭ്യര്‍ത്ഥന മാനേജിംഗ് ഡയറക്ടര്‍ വഴി അംഗീകരിക്കുകയും ചെയ്തു.
ഈ കാലയളവില്‍ കരാറുകാരന്‍ അനധികൃതമായി കരാറില്‍ ഉള്‍പ്പെടാത്ത 17 മരങ്ങള്‍ മുറിച്ചതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. ആയതുപ്രകാരം 2024 സെപ്തംബര്‍ 23 ന് രേഖാമൂലം കരാറുകാരനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഹാം സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍, ബ്ലോക്ക് ഇന്‍ചാര്‍ജ്-5 എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുകയും വിഷയം ചര്‍ച്ചചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബ്ലോക്ക് ഇന്‍ചാര്‍ജ്, ഫാം സൂപ്രണ്ട് എന്നിവരുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് നിയമനടപടികള്‍ക്കായി കമ്മിറ്റി ശുപാര്‍ശ ചെയ്തു. തുടര്‍ നടപടിക്കായി ഹാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രസ്തുത കമ്മിറ്റി അനധികൃതമായി മരംമുറി കണ്ടെത്തുകയും ചെയ്തു. സബകളക്ടര്‍ കൂടിയായ മാനേജിംഗ് ഡയറക്ടര്‍ക്ക് തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.