Site iconSite icon Janayugom Online

മാതൃ-ശിശു ആരോഗ്യം; കേരളം ഒന്നാമത്

മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തില്‍ രാജ്യത്ത് കേരളം ഒന്നാമത്. മാതൃമരണ നിരക്ക് കുറയ്ക്കുന്നതില്‍ മികച്ച നേട്ടവും കേരളം കൈവരിച്ചു. 2021 ലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ മാതൃമരണ നിരക്ക് (എംഎംആര്‍) ഒരു ലക്ഷത്തില്‍ 20 മാത്രമാണ്. ദേശീയ ശരാശരിയായ 93 നെക്കാള്‍ ഏറെ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. നവജാത ശിശുക്കള്‍, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ തുടങ്ങിയ എല്ലാ ശിശു മരണ സൂചകങ്ങളിലും കേരളം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയോ, മറികടക്കുകയോ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൊത്തം മാതൃ-ശിശു മരണ നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2014–16ല്‍ ഒരുലക്ഷം പ്രസവത്തില്‍ 130 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2019–21ല്‍ ഇത് 93 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ രേഖയനുസരിച്ച് ആഗോളതലത്തില്‍ ഇന്ത്യയുടെ മാതൃ-ശിശു മരണ നിരക്കില്‍ 37 പോയിന്റ് കുറവുണ്ടായി. ശിശുമരണ നിരക്കിലും (ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി റേറ്റ്) കേരളം പുരോഗതി കൈവരിച്ചു. 2014ല്‍ ആയിരം ജനനങ്ങള്‍ക്ക് 39 മരണമായിരുന്നത് 2021 ല്‍ 27 ആയും നിയോനാറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് 26ല്‍ നിന്ന് 19 ആയും കുറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള വിഭാഗത്തില്‍ ഇത് 45ല്‍ നിന്നും 31 ആയി. കേരളം(20), മഹാരാഷ്ട്ര (38), തെലങ്കാന (45), ആന്ധ്രാപ്രദേശ് (46) തമിഴ്‌നാട് (49), ഝാര്‍ഖണ്ഡ് (51), ഗുജറാത്ത് (53), കര്‍ണാടക (63) എന്നീ സംസ്ഥാനങ്ങളാണ് സസ്റ്റെയ‌്നബിള്‍ ഡവലപ്മെന്റ് ഗോള്‍സ് (എസ്ഡിഎസ്) നേട്ടം കൈവരിച്ചത്. 

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുന്നതിലും കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ആയിരം ജനനങ്ങളില്‍ എട്ട് മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാതൃ-ശിശു മരണ നിരക്കില്‍ ആഗോളതലത്തില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ഏപ്രിലില്‍ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ മാതൃമരണ എസ്റ്റിമേഷന്‍ ഇന്റര്‍-ഏജന്‍സി ഗ്രൂപ്പ് റിപ്പോര്‍ട്ട് പ്രകാരം 1990നും 2023നുമിടയില്‍ ഇന്ത്യയുടെ എംഎംആര്‍ 86 ശതമാനം കുറഞ്ഞു. മാതൃ-ശിശു ആരോഗ്യത്തിലും മരണ നിരക്കിലും കേരളം കൈവരിച്ച നേട്ടം മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് എസ്ആര്‍എസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യം സാധ്യമാക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്നും എസ്ആര്‍എസ് റിപ്പോര്‍ട്ട് പറയുന്നു. 

Exit mobile version