തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറ് മാറ്റം കോണ്‍ഗ്രസിനെ ബാധിച്ച മാറാവ്യാധിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ മാറാവ്യാധിയുടെ പിറകില്‍ ചെറിയ ന്യായങ്ങളോ കാരണങ്ങളോ അല്ല ഉള്ളത്. ഈ വ്യാധിയുടെ കേന്ദ്ര സ്ഥാനം മറ്റത്തൂരോ തൃശൂരോ അല്ല ഡല്‍ഹിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ വര്‍ക്കിങ് കമ്മിറ്റിയില്‍ ബിജെപിക്കുവേണ്ടി തലച്ചോറും ഹൃദയവും പണയം വെച്ചവരുണ്ട്. തിരുവനന്തപുരത്തെ എംപി എത്രയോ കാലമായി തടി ഇവിടെയും മനസ് അവിടെയുമാണ്. അങ്ങനെയുള്ള എംപിമാര്‍ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപിക്കു വേണ്ടി പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റിയില്‍ ചുരുങ്ങിയ പക്ഷം മൂന്ന് പേരെങ്കിലും ഏറെക്കാലമായി ഉണ്ട്. ഒരാള്‍ തിരുവനന്തപുരത്തെ എംപിയാണ്. രണ്ടാമത്തെയാള്‍ ദിഗ്‌വിജയ് സിങ് ആണ്. അദ്ദേഹം വിളിച്ചു പറഞ്ഞത് എല്ലാവരും കേട്ടതാണ്. മൂന്നാമത്തെയാളെയും അന്വേഷിച്ചാല്‍ കാണാന്‍ പറ്റും. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയെന്ന് സ്വയം വിളിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഗോഡ്സേയുടെ ആശയങ്ങളെ പിന്‍പറ്റുന്ന ഒരുപാട് പേര്‍ കൂടി വരികയാണ്. അതിനാല്‍ ചികിത്സ വേണ്ടത് അവിടെയാണ് ഇവിടെ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ചികിത്സ ഫലപ്രദമാകണമെങ്കില്‍ അവിടുത്തെ ഏറ്റവും കടുത്ത രോഗ ബാധയ്ക്ക് മുന്നില്‍ കണ്ണടച്ചു പിടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇവിടുത്തെ പഞ്ചായത്ത് മെമ്പര്‍മാരെ മാത്രമായിട്ട് ശിക്ഷിക്കാന്‍ കഴിയുമോ എന്ന് അറിയില്ല. ശിക്ഷിച്ചാല്‍ കൊള്ളാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതൊരു ചെറിയ പ്രശ്നമായി കേരളത്തിലെ കോണ്‍ഗ്രസ് കണ്ടാല്‍ രോഗത്തിന്റെ ആഴം മനസിലാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അവര്‍ അകപ്പെട്ടു പോകും. അതുകൊണ്ട് ആ ചികിത്സ ഫലപ്രദമാകില്ല. മഹാത്മാഗാന്ധിയുടെ പാര്‍ട്ടി, നെഹ്രുവിന്റെ പാര്‍ട്ടി എന്നെല്ലാം വിളിക്കുന്ന ഒരു പാര്‍ട്ടി ഗോഡ്സെ പാര്‍ട്ടിക്ക് അടിപ്പെട്ടു പോകുന്നത് ദു:ഖകരമാണെന്നും ആ ദു:ഖം എല്ലാവരും രേഖപ്പെടുത്തുന്നുണ്ടെന്നും ചികിത്സിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നട്ടെല്ലുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു.
മറ്റത്തൂരിലെ കൂറുമാറ്റം കോൺഗ്രസിനെ ബാധിച്ച മാറാവ്യാധി; ബിനോയ് വിശ്വം

