Site iconSite icon Janayugom Online

മാധ്യമ വേട്ട; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ത, അമിത് ചക്രവര്‍ത്തി എന്നിവര്‍ അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിനെതിരായ വാര്‍ത്തകളുടെ പേരില്‍ നോട്ടപ്പുളളിയായ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ ‘ന്യൂസ്‌ക്ലിക്കി‘ന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രബീര്‍ പുര്‍കായസ്ത, മനുഷ്യ വിഭവശേഷി വിഭാഗം മേധാവി അമിത് ചക്രവര്‍ത്തി എന്നിവര്‍ അറസ്റ്റില്‍. ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ പ്രകാരം കേസെടുത്ത ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകരുടെ വീടുകളടക്കം 30 ലേറെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. 47 പേരെ ചോദ്യം ചെയ്തു. മൊബൈലുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. നിരവധി മാധ്യമ പ്രവര്‍ത്തകരെ സ്‌റ്റേഷനുകളിലെത്തിച്ച് ചോദ്യം ചെയ്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീല്‍ ചെയ്യുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി മോഡിയെയും വിമര്‍ശിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിന്റെ പേരില്‍ ന്യൂസ് ക്ലിക്ക് നേരത്തെ തന്നെ കേന്ദ്ര ഏജന്‍സികളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു. രാജ്യത്തെ സ്വതന്ത്ര മാധ്യമരംഗത്ത് കടുത്ത ആശങ്ക ഉയര്‍ത്തുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് മാധ്യമസംഘടനകള്‍ പ്രതികരിച്ചു. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലുള്ള റെയ്ഡിനൊടുവിലാണ് പ്രബീര്‍ പുര്‍കായസ്ത അറസ്റ്റിലായത്. എന്‍ഫോഴ്‌സ‌്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇഡി ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. സൗത്ത് ഡല്‍ഹിയിലുള്ള ന്യൂസ് ക്ലിക്ക് ഓഫിസില്‍ ഫോറന്‍സിക് സംഘവും പരിശോധനയ്ക്കെത്തി.

സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹി കാനിങ് റോഡിലെ വസതിയിലും റെയ്ഡ് നടത്തി. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരന്‍ യെച്ചൂരിയുടെ വസതിയില്‍ താമസിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പരിശോധന. മാധ്യമപ്രവര്‍ത്തകരായ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, അഭിശര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ്, എഴുത്തുകാരി ഗീത ഹരിഹരന്‍, കോമേഡിയന്‍ സഞ്ജയ് രജൗര, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു.

ഡല്‍ഹി പൊലീസ് യുഎപിഎ നിയമപ്രകാരം പുതിയ കേസെടുത്തതിനു പിന്നാലെയായിരുന്നു ഇന്ന് പുലര്‍ച്ചയോടെ വന്‍ പൊലീസ് സംഘം റെയ്ഡ് ആരംഭിച്ചത്. ഊര്‍മിളേഷ്, അഭിശര്‍ ശര്‍മ എന്നിവരടക്കമുള്ളവരെ ലോധി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ വിമർശനപരമായ നിലപാടുകൾ സ്വീകരിക്കുന്ന ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം നേരത്തെ ബിജെപി കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി പുതിയ കേസെടുത്തിരിക്കുന്നത്.

2021ല്‍ നികുതി വെട്ടിച്ചുവെന്ന പേരില്‍ ന്യൂസ് ക്ലിക്കിനെതിരെ ഇഡി കേസെടുക്കുകയും പരിശോധന നടത്തി വിവിധ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂസ്‌ക്ലിക്ക് പ്രൊമോട്ടര്‍മാര്‍ക്ക് അറസ്റ്റില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി സംരക്ഷണം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മാധ്യമവേട്ട ആശങ്കാജനകമാണെന്നും പരിശോധനയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും വിവിധ മാധ്യമസംഘടനകള്‍ ആവശ്യപ്പെട്ടു.

സിപിഐ പ്രതിഷേധിച്ചു

മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡ് ഉള്‍പ്പെടെ പ്രതികാര നടപടിയില്‍ സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം പ്രതിഷേധിച്ചു. ബിജെപി ആഗ്രഹിക്കുന്നത് ചെയ്യാത്തവരും മോഡി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരുമാണ് റെയ്ഡിനും മറ്റ് പരിശോധനകള്‍ക്കും ഇരയായവരെല്ലാം. മാധ്യമസ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള ഇത്തരം നടപടികള്‍ മോഡി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ഭരണപരാജയവും മറച്ചുപിടിക്കുന്നതിനുള്ള ഉപാധികൂടിയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

ആന്ധ്രയിലും തെലങ്കാനയിലും എന്‍ഐഎ റെയ്ഡ്

ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ 62 ഇടങ്ങളില്‍ എൻഐഎ റെയ്ഡ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രഗതിശീല കര്‍മിക സാമാക്യ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ചന്ദ്ര നരസിംഹലുവിനെ അറസ്റ്റ് ചെയ്തു.

പ്രധാനമായും മനുഷ്യാവകാശപ്രവര്‍ത്തകരെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. ആന്ധ്രാ പ്രദേശിലെ സത്യസായ് ജില്ലയില്‍ നിന്നാണ് നരസിംഹലുവിനെ അറസ്റ്റ് ചെയ്തത്. ആയുധങ്ങളും പണവും മാവോയിസ്റ്റ് രേഖകളും കൃതികളും പിടിച്ചെടുത്തതായി എൻഐഎ അവകാശപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, പല്‍നാട്, വിജയവാഡ, രാജ്മുണ്ട്രി, പ്രകാശം, ബാപട്ടല, ഏലൂരു, കിഴക്കൻ ഗോദാവരി, ഡി ആര്‍ അംബേദ്ക്കര്‍ കോനസീമ, വിശാഖപട്ടണം, വിസിനഗരം, നെല്ലോര്‍ , തിരുപതി, കടപ്പ, സത്യസായ്, അനന്തപൂര്‍, കുര്‍ണൂല്‍ ജില്ലകളിലായിരുന്നു പരിശോധന. തെലങ്കാനയില്‍ ഹൈദരാബാദ്, മെഹബൂബ് നഗര്‍, ഹനുമകുണ്ഡാ, രംഗ റെഡ്ഡി, ആദിലാബാദ് എന്നീ ഒമ്പത് ജില്ലകളില്‍ പരിശോധന നടന്നു.

Eng­lish Summary:Media Hunt; News Click Edi­tor-in-Chief Pra­bir Purkayastha and Amit Chakraborty arrested

You may also like this video

Exit mobile version