കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടഭാഗം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. മകൾ നവമിയുടെ ചികിത്സയ്ക്ക് കൂട്ടിരിപ്പുകാരിയായി മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു ബിന്ദു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ കുടുങ്ങിക്കിടന്ന ബിന്ദുവിനെ പുറത്തെടുത്തപ്പോൾ തന്നെ മരിച്ചിരുന്നു. അപകടത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും അപകടം സംഭവിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി എൻ വാസവൻ, ജില്ലാ കളക്ടർ ജോൺ വി സാമുവൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി കെ ആശ എംഎൽഎ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ അജിത്ത്, ടി എൻ രമേശൻ, മണ്ഡലം സെക്രട്ടറി സാബു പി മണലൊടി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മന്ത്രി വി എൻ വാസവൻ ബിന്ദുവിന്റെ വീട് സന്ദർശിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവമിയുടെ തുടർചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്നും, മകൻ നവനീതിന് മെഡിക്കൽ കോളജിൽതന്നെ താൽക്കാലികമായി ജോലി നൽകുമെന്നും സ്ഥിര ജോലി നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്കാരചടങ്ങുകൾക്കുള്ള ചെലവെന്ന നിലയിൽ ആദ്യ സഹായമായി 50,000 രൂപ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് മന്ത്രി കൈമാറി.

