മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച ഇന്ന് രാവിലെ 11 മണിയ്ക്ക് നടക്കും. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും.
കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുദിവസത്തെ നിർണായ കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകീട്ട് 4 ന് തിരികെ കേരളത്തിലേക്ക് മടങ്ങും.
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് 260 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഈ തുക പുനരധിവാസ പ്രവർത്തനങ്ങൾക്ക് തികയില്ലെന്നും അർഹമായ തുക അനുവദിക്കണമെന്നുമാണ് ആവശ്യം.2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു.കേരളം ആവശ്യപ്പെട്ടതിന്റെ എട്ടിൽ ഒന്നു തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് അർഹമായ സഹായം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നുമാണ് നിലവിലെ ആവശ്യം. ദുരന്തം നടന്ന് 14 മാസത്തിന് ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്.

