തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ക്രിസ്മസ്.കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിനം. തിരുപ്പിറവി സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു. ഇതില്‍ പങ്കെടുക്കാന്‍ എല്ലാ പള്ളികളിലും പുതുവസ്ത്രം ധരിച്ച് വിശ്വാസികള്‍ ഒഴുകിയെത്തി. വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനായി. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളുമെല്ലാം ഒരുമയുടെ ആഘോഷങ്ങള്‍ക്ക് വേദിയായി. ക്രിസ്മസ് ആഘോഷങ്ങളോടെയാണ് സ്കൂളുകള്‍ അവധിക്കായി അടച്ചത്. യേശുവിന്റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല.

