ആർത്തവകാലത്തെ ആരോഗ്യം പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്ന് വ്യക്തമാക്കിയ കോടതി, ആർത്തവ സമയത്ത് ആവശ്യമായ ആരോഗ്യ സുരക്ഷാ ഉൽപ്പന്നങ്ങൾ ലഭിക്കുന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നും ഓർമ്മിപ്പിച്ചു. പെൺകുട്ടികളുടെ ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട കേന്ദ്ര നയത്തെക്കുറിച്ചുള്ള ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ആർത്തവ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് പെൺകുട്ടികളുടെ അന്തസ്സിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സ്വകാര്യത ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും, അധ്യാപകരും രക്ഷിതാക്കളും ഈ വിഷയത്തിൽ ബോധവൽക്കരിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഒരു പെൺകുട്ടിയും ഇരയാക്കപ്പെടരുതെന്നും കോടതി കർശന നിർദ്ദേശം നൽകി.

