Site iconSite icon Janayugom Online

ബിജെപി നേതാക്കളുടെ സെെനിക അവഹേളനം: രാഷ്ട്രപതിക്ക് കത്തയച്ചു

സൈനികരെ അവഹേളിക്കുന്ന ബിജെപി നേതാക്കളുടെ നടപടിക്കെതിരെ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍. സേനകളുടെ ബഹുമാനവും ആത്മാഭിമാനവും സംരക്ഷിക്കാന്‍ പരമോന്നത കമാന്‍ഡറായ രാഷ്ട്രപതി ഇടപെടണമെന്നും ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 

മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ഡ, മറ്റൊരു മന്ത്രിയായ കുന്‍വര്‍ വിജയ് ഷാ തുടങ്ങിയവരുടെ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെയാണ് വിരമിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കടുംബാംഗങ്ങളും പ്രതികരണവുമായി രംഗത്തുവന്നത്. 

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കുശേഷം വിവരങ്ങള്‍ വെളിപ്പെടുത്തിയ കേണല്‍ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്നാണ് കുന്‍വര്‍ വിജയ് ഷാ വിശേഷിപ്പിച്ചത്. സൈനിക നടപടിയില്‍ മുഴുവന്‍ സേനയും മോഡിയെ വണങ്ങണമെന്നായിരുന്നു ജഗദീഷ് ദേവ്ഡയുടെ പ്രതികരണം. ഇത്തരം അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടവരല്ല സൈനികര്‍. ഔദ്യോഗികമായി ഇത്തരം പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല.
രാജ്യസുരക്ഷയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്ന സൈനികരെ അധിക്ഷേപിക്കുന്ന പ്രവണത ഏറിവരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീം കമാന്‍ഡറായ രാഷ്ട്രപതി അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
നാവികസേന മേധാവിയായിരുന്ന എല്‍ രാംദാസിന്റെ ഭാര്യ ലളിത രാംദാസ്, നാവികസേന മേധാവിയായിരുന്ന വിഷ്ണു ഭഗവത്, വിജയ് ഒബ്റോയ്, വൈസ് അഡ്മിറലായിരുന്ന സഞ്ജയ് മിശ്ര, ഇഎഎസ് ശര്‍മ്മ, മേജര്‍ എം ജി ദേവസഹായം അടക്കമുള്ള നൂറോളം പേരാണ് കത്തില്‍ ഒപ്പുവച്ചത്. 

Exit mobile version