Site iconSite icon Janayugom Online

പാലുല്പാദനം വര്‍ധിപ്പിക്കണം: മന്ത്രി ജെ ചിഞ്ചുറാണി

പാലുല്പാദനത്തിന്റെ സ്വയം പര്യാപ്തത കൈവരിക്കാൻ ആകെ ഉല്പാദനം 33.8 ലക്ഷം മെട്രിക് ടണ്ണും ഒരു പശുവിൽ നിന്നുള്ള പ്രതിദിന പാല്‍ ഉല്പാദനം 13.5 ലിറ്ററും ആക്കേണ്ടതുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയില്‍ പറഞ്ഞു.
പാല്‍ ഉല്പാദനം വർധിപ്പിക്കുന്നതിനായി ജീനോമിക് ലാബ് സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ കന്നുകാലികളുടെ ജനിതകഘടന കണ്ടെത്തിയ ശേഷം പാൽ ഉല്പാദനവും ജനിതകഘടനയും തമ്മിലുള്ള ബന്ധവും വിലയിരുത്തും. തുടര്‍ന്ന് മോശമായ ജനിതക ഘടനയുള്ള കാളക്കുട്ടികളെ പ്രജനനത്തിൽ നിന്ന് ഒഴിവാക്കും. ജീനോമിക് ലാബിൽ കന്നുകാലികളുടെ ജനിതക രോഗങ്ങൾ നിർണയിക്കാനുള്ള സൗകര്യമുണ്ടെന്നും പാലിന്റെ ആഭ്യന്തര ഉപയോഗം കണക്കിലെടുത്ത് പശുക്കളുടെ ഉല്പാദന ക്ഷമത കൂട്ടുന്നതിനായി പരമ്പരാഗത സന്തതി പരിശോധനാരീതികൾക്കു പുറമേ ഡിഎൻഎ പരിശോധന കൂടി സംയോജിപ്പിക്കേണ്ടതുണ്ടെന്നും ജി എസ് ജയലാല്‍, ഇ ടി ടൈസണ്‍, മുഹമ്മദ് മുഹ്സിൻ എന്നിവരെ മന്ത്രി അറിയിച്ചു.

സമഗ്ര പേ വിഷ പ്രതിരോധ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഈ വർഷം 2,53,283 വളർത്തുമൃഗങ്ങൾക്കും 53,799 തെരുവ് നായ്ക്കള്‍ക്കും കുത്തിവയ്പ് നൽകി. വളർത്തുമൃഗങ്ങളുടെ കടിയേൽക്കുന്ന മൃഗങ്ങൾക്ക് നൽകുന്ന പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ ഇക്കാലയളവിൽ 88,627 മൃഗങ്ങൾക്ക് നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 400 മൃഗാശുപത്രികൾ വഴി തെരുവുനായകൾക്കുള്ള കാമ്പയിനുകൾ നടത്തിവരുന്നു. 2030 ഓടെ കേന്ദ്രസർക്കാരിന്റെ എഫ്എംഡി വൈറസ് മുക്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version