Site iconSite icon Janayugom Online

രണ്ടു പുതിയ ഉല്പന്നങ്ങളുമായി മില്‍മ വിപണിയിലേക്ക്

ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കാഷ്യു വിറ്റാ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നീ ഉല്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ. പുതിയ മില്‍മ ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ശനിയാഴ്ച രാവിലെ 11 ന് നിര്‍വഹിക്കും. മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ എംപി ശശി തരൂര്‍ മുഖ്യാതിഥിയായിരിക്കും. അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. 

കേരളത്തിന്റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മില്‍മ അവതരിപ്പിക്കുന്ന ഉല്പന്നമാണ് മില്‍മ ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍. യാത്രകളില്‍ ഉള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉല്പന്നം വിപണിയില്‍ ലഭ്യമാകുക. പ്രത്യേക സാങ്കേതികവിദ്യയുടെ മികവില്‍ മനുഷ്യ കരസ്പര്‍ശമേല്‍ക്കാതെ തയ്യാറാക്കുന്ന ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ ഒന്‍പത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളില്‍ ഇളനീരിന്റെ പോഷകമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെണ്ടര്‍ കോക്കനട്ട് വാട്ടറിന്റെ ഒരു ബോട്ടിലിന് 40 രൂപയാണ് വില. കേരളത്തിന്റെ ഏറ്റവും മികച്ച കാര്‍ഷിക ഉല്പന്നങ്ങളിലൊന്നായ കശുവണ്ടിയില്‍ നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഉല്പന്നമാണ് മില്‍മ കാഷ്യു വിറ്റാ പൗഡര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനുമായി സഹകരിച്ചാണ് മില്‍മ ഈ ഉല്പന്നം വിപണിയിലവതരിപ്പിക്കുന്നത്. മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആര്‍ഐ) വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് ഉല്പാദിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
പാലില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്ന ഒരു മികച്ച ഹെല്‍ത്ത് ഡ്രിങ്ക് ആണ് മില്‍മ കാഷ്യു വിറ്റാ. അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവില്‍ ആറ് മാസം വരെ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉല്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്ളേവറുകളില്‍ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. മില്‍മ ഉല്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിങ് മില്‍മ 2023’ പദ്ധതിയുടെ ഭാഗമായി പാല്‍, തൈര്, നെയ്യ് എന്നീ ഉല്പന്നങ്ങളെ കൂടാതെ വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കും അനുസൃതമായി ഒട്ടനവധി പുതിയ ഉല്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. വിവിധ ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകള്‍, ഫ്ലേവേര്‍ഡ് മില്‍ക്കുകള്‍, വിവിധ തരം പേഡകള്‍, പനീര്‍ ബട്ടര്‍ മസാല എന്നിവ അവയില്‍ ചിലതാണ്.

ക്ഷീരസംഘങ്ങള്‍ക്കായുള്ള ഏകീകൃത സോഫ്റ്റ്‌വേര്‍ പോര്‍ട്ടലായ ക്ഷീരശ്രീ പോര്‍ട്ടല്‍-ഓണ്‍ലൈന്‍ പാല്‍ സംഭരണ വിപണന ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഉല്പന്നങ്ങള്‍ പുറത്തിറക്കുക. കര്‍ഷകര്‍ ക്ഷീരസംഘത്തില്‍ നല്കുന്ന പാലിന്റെ അളവിനും ഗുണനിലവാരത്തിനും അനുസൃതമായി കൃത്യമായ വില നല്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമാണിത്. മില്‍മ ചെയര്‍മാന്‍ കെ എസ് മണി, ക്ഷീരവികസന വകുപ്പ് ഡയറക്ടറും മില്‍മ മാനേജിങ് ഡയറക്ടറുമായ ആസിഫ് കെ യൂസഫ് ഐഎഎസ്, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, എറണാകുളം റീജിയണല്‍ കോ — ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ എന്നിവരും പങ്കെടുക്കും. സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ സ്റ്റേറ്റ് ഇന്‍ഫോര്‍മാറ്റിക്സ് ഓഫിസര്‍ ഡോ. സുചിത്ര പ്യാരേലാല്‍, ക്ഷീരവികസന കോര്‍പറേഷന്‍ ജോയിന്റ് ഡയറക്ടര്‍ (പ്ലാനിങ്) ശാലിനി ഗോപിനാഥ് എന്നിവരും പങ്കെടുക്കും.

Exit mobile version