Site iconSite icon Janayugom Online

ഓണക്കാല വില്പനയിൽ സർവകാല റെക്കോഡിട്ട് മിൽമ

ഓണക്കാല പാൽ വില്പനയിൽ സർവകാല റെക്കോഡിട്ട് മിൽമ. ഈ മാസം നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ 94,59,576 ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. മുൻവർഷത്തേക്കാൾ 11.12 ശതമാനത്തിന്റെ വർധനവാണുള്ളത്.
തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റർ പാൽ വിറ്റു. കഴിഞ്ഞ വർഷത്തെ വില്പന 32,81,089 ലിറ്ററായിരുന്നു. 7.03 ശതമാനത്തിന്റെ വർധനവ്. കൂട്ടായ പ്രവർത്തനവും പൊതുജനങ്ങൾക്കുള്ള വിശ്വാസവും കൊണ്ടാണ് പ്രതികൂല കാലാവസ്ഥയിലും മികച്ച വിപണനം സാധ്യമാക്കാൻ കഴിഞ്ഞതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
തൈരിന്റെ വില്പനയിലും നേട്ടമുണ്ടാക്കാൻ മിൽമയ്ക്കായി. നാലു ദിവസങ്ങളിലായി 11,30,545 കിലോ തൈരാണ് മിൽമ വില്പന നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 18.26 ശതമാനത്തിന്റെ വർധന. തിരുവോണ ദിനം വില്പന 3,45,386 കിലോയാണ്.
എട്ട് ലക്ഷത്തോളം പാലട പായസം മിക്സ് ഓണവിപണിയിലെത്തിക്കാനായി.
ഇതോടൊപ്പം നെയ്യ്, വെണ്ണ, പനീർ, പേഡ, ഫ്ലേവേർഡ് മിൽക്ക്, ഐസ്ക്രീം, ലോങ് ലൈഫ് മിൽക്ക് തുടങ്ങിയ മിൽമയുടെ മറ്റ് ഉല്പന്നങ്ങളുടെ വില്പനയിലും ഗണ്യമായ വർധനവാണ് ഓണക്കാലത്ത് ഉണ്ടായത്.

കേരളത്തിലെത്തിയത് 46.91 ലക്ഷം ലിറ്റർ പാൽ

കൊച്ചി: ഓണക്കാലത്ത് അധിക ആവശ്യകത പരിഹരിക്കുന്നതിന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയത് 46.91 ലക്ഷം ലിറ്റർ പാൽ. അതിർത്തി കടക്കുന്ന പാലിന്റെ അളവ് കൂടിയതോടെ ചെക്ക്പോസ്റ്റുകളിൽ ക്ഷീരവികസന വകുപ്പ് നടത്തുന്ന പരിശോധനയും ശക്തമാക്കി. പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയ പാൽ മാത്രമാണ് അതിർത്തി കടന്നത്.
മീനാക്ഷീപുരം, ആര്യങ്കാവ്, പാറശാല എന്നീ മൂന്ന് സ്ഥിരം പാൽ പരിശോധനാ ലാബുകൾക്ക് പുറമെ വാളയാർ, കുമളി എന്നിവിടങ്ങളിൽ താല്കാലിക പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

Eng­lish Sum­ma­ry: Mil­ma sets all-time record in Onam sales

You may like this video also

Exit mobile version