ടിക് ടോക്കിൽ കണ്ട ട്രെൻഡിങ് വീഡിയോ അനുകരിച്ച് പരീക്ഷണം നടത്തിയ 12 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. കുപ്പിയിലേക്ക് ആൽക്കഹോൾ ഒഴിച്ച് തീ കത്തിച്ചപ്പോൾ തീ ദേഹത്തേക്ക് പടരുകയായിരുന്നു. യു എസ്സിൽ നടന്ന ഈ സംഭവത്തിൽ കേഡൻ ബല്ലാർഡ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
വിഡിയോയിൽ കണ്ടതുപോലെ കുപ്പിയിലേക്ക് ഐസോപ്രൊപൈൽ ആൽക്കഹോൾ ഒഴിച്ച് തീ കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. നിറമില്ലാത്ത തീജ്വാലകളാണ് ഈ രാസവസ്തുവിന് ഉണ്ടാകുക. ഇത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തത് അപകടത്തിന്റെ ആക്കം കൂട്ടി. തീ പിടിച്ച കുപ്പി വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടയിൽ തീ കുട്ടിയുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകളിലും വയറ്റിലും കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ട്. സഹോദരൻ പെട്ടെന്ന് വസ്ത്രം ഊരി മാറ്റിയതിനാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കേഡനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ പൂർണ ആരോഗ്യത്തിനായി ആഴ്ചകളോളം ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

