Site iconSite icon Janayugom Online

മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

saji cheriyansaji cheriyan

ഫിഷറീസ്-സാംസ്കാരിക‑യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ സ്ഥാനമൊഴിഞ്ഞു. പത്തനംതിട്ടയില്‍ നടന്ന പ്രസംഗത്തില്‍ ഭരണഘടനയ്ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് മന്ത്രിയുടെ രാജി. വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായും സജി ചെറിയാന്‍ വ്യക്തമാക്കി.

താൻ പറഞ്ഞ ചില വാക്കുകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തി മാറ്റിയാണ് ഈ ദുഷ്പ്രചാരണം നടത്തുന്നത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നയസമീപനങ്ങളെ ദുർബലപ്പെടുത്താൻ തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രസംഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായി മനസിലാക്കുന്നു.

ആ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് എല്ലാ പ്രവർത്തനങ്ങളിലും തുടർന്നും സജീവമായി ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഞായറാഴ്ച സിപിഐ(എം) സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഭരണഘടനയെ കുറിച്ച് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നുവെന്നാരോപിച്ച് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയ രാജിക്കത്ത് അംഗീകരിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററില്‍ അറിയിച്ചു.

Eng­lish summary;Minister Saji Cheriyan resigned

You may also like this video;

Exit mobile version