Site iconSite icon Janayugom Online

തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെങ്കിലും നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി സജിചെറിയാന്‍

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും പ്രസ്താവനയിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിൻവലിക്കുന്നതായും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.വിശദീകരണ കുറിപ്പ് ഇറക്കിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എന്റെ നിലപാടിനെ വൃണപ്പെടുത്തുന്നതാണ് ഇപ്പോൾ പ്രചാരണങ്ങൾ.

വസ്തുതാവിരുദ്ധമായ മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല. സജി ചെറിയാൻ കുറിപ്പിൽ വ്യക്തമാക്കി. 

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഐ(എം)പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം ഒരു വർഗ്ഗീയതയോടും സമരസപ്പെടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. 

അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്. എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എൻ്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു. സജി ചെറിയാൻ കുറിപ്പിൽ വ്യക്തമാക്കി.

Exit mobile version