Site iconSite icon Janayugom Online

മിഥുന്റെ കുടുംബത്തിന് സ്നേഹഭവനം, താക്കോൽ കൈമാറി മന്ത്രി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്നേഹഭവനം ഒരുങ്ങി. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. പണം പിരിച്ച ശേഷം വീട് വെച്ചുനൽകാത്തവർ ഉള്ള കാലത്താണ് നിശ്ചയിച്ച സമയത്തിന് മുമ്പ് സ്നേഹഭവനം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ 17നാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ കെഎസ്ഇബി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.

അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞ മിഥുൻ ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങിയ നിർധന കുടുംബത്തെ വീണു പോകാതെ നല്ല മനസുകൾ ചേർത്തു നിർത്തി. അടച്ചുറപ്പില്ലാത്ത പഴയ കൂരയുടെ ചുവരിൽ മിഥുൻ വരച്ചിട്ട സ്വപ്ന വീട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈയ്ഡ്സ് യാഥാർത്ഥ്യമാക്കി. മിഥുന്റെ മാതാപിതാക്കളിൽ ഒരാൾക്ക് തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് മാനേജ്മെന്‍റ് അംഗങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു. ഈ ആശ്വാസങ്ങൾക്ക് നടുവിലും മിഥുന്റെ വേർപാടിന്‍റെ നോവ് ഉണങ്ങാത്ത മുറിവായി പുതിയ വീട്ടിൽ തളം കെട്ടി നിൽപ്പുണ്ട്.

Exit mobile version