Site iconSite icon Janayugom Online

വി സി ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നതായി മന്ത്രി വി ശിവന്‍കുട്ടി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്പെന്റ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രജിസ്ട്രാറുടെ സസ്പെൻഷനെ ജനാധിപത്യ വിരുദ്ധമായ നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നതായും മന്ത്രി പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് ഉണ്ട്. സബ് കമ്മിറ്റിയും ഉണ്ട്. വി സി ഇതൊന്നും പരിഗണിക്കാതെയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഈ നടപടി യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അസിസ്റ്റൻറ് രജിസ്ട്രാക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം മാത്രമേ വിസിക്ക് ഉള്ളൂ. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടെന്നറിഞ്ഞിട്ടും ഗവർണർ പരിപാടിയിൽ പങ്കെടുത്തു. 

കൊടിപിടിച്ച ഒരു സഹോദരിയുടെ ചിത്രത്തെ മനിച്ചില്ലെന്നാണ് ഒരു ആരോപണം. ഭരണഘടന അതിനെ അംഗീകരിച്ചിട്ടില്ല. ഒരു പഞ്ചായത്ത് പോലും അംഗീകരിച്ചിട്ട് ഇല്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ എന്നു ചോദിച്ച മന്ത്രി ശിവൻകുട്ടി ഇത് കേരളമാണ്, ഇതൊന്നും അനുവദിച്ചു നൽകില്ലെന്നും വ്യക്തമാക്കി.പരമാവധി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണറാണ് സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാട്ടിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് വേണ്ടിയും നേട്ടങ്ങളെ ഇകഴ്ത്തി കാട്ടുന്നതിനുള്ള നടപടിയുമാണ് ഗവർണർ ഇപ്പോൾ നടത്തുന്നത്. ഇത് ബാധിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ആണ്. ഇത് ബോധപൂർവ്വം കേരളം നേട്ടം കൈവരിക്കരുതെന്ന് കണ്ട് നടത്തുന്ന പ്രവർത്തനമാണെന്നും മന്ത്രി ആരോപിച്ചു.

Exit mobile version