Site iconSite icon Janayugom Online

ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

CMCM

രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. 

ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കൂടാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള
ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. 

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. 

ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകൾ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായതായി മന്ത്രി കൂട്ടിച്ചേർത്തു.യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, ഒ ആർ കേളു, രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: min­is­te­r­i­al meet­ing to set up a med­ical point and an oxy­gen ambu­lance at the con­trol room of Churalmala

You may also like this video

Exit mobile version