Site icon Janayugom Online

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കല്‍: മന്ത്രിമാര്‍ വിലയിരുത്തി, ആശങ്കപ്പടെണ്ട സാഹചര്യമില്ലെന്ന് മന്ത്രിമാര്‍, വീഡിയോ കാണാം

mullapperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടര്‍ തുറന്നത്. മുല്ലപ്പെരിയാറിലെ ഡാമിലെ വെള്ളമൊഴുകിയെത്തുന്ന ഇടുക്കി ഡാമും അടിയന്തര സാഹചര്യമുണ്ടായാല്‍ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
നിലവില്‍ ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമില്‍ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ തുറന്നാലും പെരിയാറില്‍ ഏകദേശം 60 സെന്റീമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തല്‍. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്ബുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പിനെയും ഗൗരവമായി കാണുമെന്നും ഓറഞ്ച് അലര്‍ട്ടാണെങ്കിലും റെഡ് അലര്‍ട്ടിന്റെ തയ്യാറെടുപ്പുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ജലത്തിനൊപ്പം മഴ കൂടി ശക്തമായാല്‍ നാളെ വൈകിട്ട് മുതല്‍ ഇടുക്കിയില്‍ നിന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി. തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വാണ് കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചത്. കേരളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാന്‍ പാടില്ലെന്നും കേരളം വാദിച്ചു. സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി രാജന്‍ അറിയിച്ചു.

Eng­lish Sum­ma­ry: Mul­lap­peri­yar opens,ministers visit

 

You may like this video also

Exit mobile version