Site icon Janayugom Online

കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായ പോരാട്ടം

വെളിയം ഭാര്‍ഗവന്‍ നഗര്‍ (തിരുവനന്തപുരം): ഫെഡറലിസം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് വേണ്ടിയല്ല രാജ്യത്തെയാകെ സംരക്ഷിക്കാനാണെന്ന് തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ഫെഡറലിസവും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭരണഘടനയുടെ 356-ാം അനുച്ഛേദം അനുസരിച്ച് പിരിച്ചുവിടാനുള്ള നീക്കം രണ്ടുതവണ അനുഭവിച്ചവരാണ് തമിഴ്‍ ജനത. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടുന്ന നടപടിക്ക് ആദ്യം ഇരയായത് കേരളമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടികള്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. അതിനായുള്ള നീക്കങ്ങളാണ് ജനാധിപത്യ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ ഭരണഘടന തികച്ചും ഫെഡറലിസത്തില്‍ അധിഷ്ഠിതമാണ്. കേരളത്തില്‍ മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തമിഴ്‍നാട്ടില്‍ ദ്രാവിഡ മുന്നേറ്റ പാര്‍ട്ടിയാണ് അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കും ജനങ്ങളുടെ ഉന്നതിക്കും വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചത്. അതാണ് കേന്ദ്രഭരണകൂടത്തെ പ്രകോപിപ്പിക്കുന്ന സംഗതി. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നത് തടയാന്‍ കഴിയണം. വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. അവിടെ ഏകാധിപത്യം വളരാന്‍ അനുവദിച്ചുകൂട. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ ഭരണപ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രഭരണകൂടത്തിന്റെ നീക്കം ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം. യോജിച്ച പ്രക്ഷോഭത്തിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കാന്‍ കഴിയും.

ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിന്റെ വിജയം ഇതിന്റെ തെളിവാണ്. ഒരു രാജ്യം, ഒരു തെര‍ഞ്ഞെടുപ്പ്, ഒരു ഭക്ഷണം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം എന്നത് ഇന്ത്യന്‍ ജനതയ്ക്ക് അംഗീകരിക്കാനാവില്ല. അത് ഫാസിസത്തിന്റെ മുദ്രാവാക്യമാണ്. അത് ഏകാധിപത്യത്തിലേക്കാണ് വഴിതെളിക്കുന്നത്. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന നയമാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റേത്. ജിഎസ്‌ടി നടപ്പിലാക്കിയതില്‍പോലും ഈ നീതിനിഷേധം കാണാം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം ഡിഎംകെ എന്നും മുന്‍നിരയിലുണ്ടാകും. സ്വന്തം പാര്‍ട്ടിയുടെ സമ്മേളനം എന്ന നിലയ്ക്ക് തന്നെയാണ് ഈ സമ്മേളന വേദിയിലേക്ക് താനെത്തിയത്. കേരളവുമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢതരമാക്കാനുള്ള നടപടികള്‍ക്ക് തമിഴ്‍നാട് ജനതയും ദ്രാവിഡ മുന്നേറ്റ കഴകവും തുടര്‍ന്നും ശ്രദ്ധപുലര്‍ത്തുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

Eng­lish Sum­ma­ry: mk stal­in speach­es at cpi conference
You may also like this video

Exit mobile version