ഝാര്ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാനത്ത് ഹിന്ദുക്കളുടെയും ആദിവാസികളുടെയും ജനസംഖ്യ കുറയുകയാണെന്നും അപകടകരമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഝാര്‍ഖണ്ഡ‍് മുക്തി മോര്‍ച്ച (ജെഎംഎം) നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ സ്വത്വം, സംസ്കാരം, പൈതൃകം എന്നിവ അപകടത്തിലാക്കുന്ന കളിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മോഡി ആക്ഷേപിച്ചു. ഭൂമി, മക്കള്‍, ആഹാരം എന്നിവ സംരക്ഷിക്കാന്‍ അത്തരം ശക്തികളെ പുറത്താക്കേണ്ട സമയമാണിതെന്നും അഴിമതിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പരിവര്‍ത്തന്‍ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്സെെസ് കോണ്‍സ്റ്റബിള്‍മാരുടെ റിക്രൂട്ട്മെന്റിനിടെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ മരിക്കാന്‍ കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും കുറ്റപ്പെടുത്തി.
രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ സന്ദര്‍ശമാണിത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്. ജെഎംഎം നേതാവ് ഹേമന്ത് സൊരേനാണ് സംസ്ഥാന മുഖ്യമന്ത്രി. അദ്ദേഹത്തെ എന്‍ഫോഴ‍്സ‍്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ‍്തെങ്കിലും സുപ്രീം കോടതി ജാമ്യത്തില്‍ വിട്ടു. മുഖ്യമന്ത്രി പദം രാജിവച്ചിരുന്ന ഹേമന്ത് സൊരേന്‍ വീണ്ടും തിരികെയെത്തി. ബിജെപിക്കും ആര്‍എസ‍്എസിനും എതിരെ കടുത്ത വെല്ലുവിളിയാണ് അദ്ദേഹം ഉയര്‍ത്തുന്നത്.