Site icon Janayugom Online

സുഡാന്‍ രക്ഷാദൗത്യത്തിന് പേരിട്ട് മോഡി; ഇന്ത്യക്കാരെ രക്ഷിച്ച് മറ്റുരാജ്യങ്ങള്‍

ഒമ്പത് ദിവസം മുമ്പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സുഡാനില്‍ ഇന്ത്യക്കാര്‍ ഭയന്ന് പ്രാണന്‍ തല്ലിക്കരയുമ്പോള്‍ അവര്‍ക്കുവേണ്ടിയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച യുവം-23 എന്ന പരിപാടിയിലാണ് ഇന്ത്യ സുഡാന്‍ ദൗത്യത്തിന് ശ്രമം ആരംഭിക്കുന്നതായി അറിയിച്ചത്. അതേസമയം സൗദി അറേബ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ നൂറുകണക്കിന് ഇന്ത്യക്കാരെയടക്കം രക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യത്തിന് ‘ഓപ്പറേഷന്‍ കാവേരി’ എന്ന പേരിട്ടുവെന്ന് നരേന്ദ്ര മോഡി കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയും സുഡാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടില്ലെന്നത് വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളുടെ രക്ഷാപദ്ധതികളിലൂടെ 500ഓളം ഇന്ത്യക്കാര്‍ സുഡാന്‍ തുറമുഖത്ത് തങ്ങുകയാണ്. ഇക്കാര്യം ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്ന ദൗത്യമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, തുറമുഖത്തുനിന്ന് ഇന്ത്യയിലേക്ക് ഇവരെ കടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികളൊരുക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. ഇന്ത്യയില്‍ നിന്ന് കപ്പലുകളും വിമാനങ്ങളും അയയ്ക്കുമെന്ന പ്രഖ്യാപനം വന്നതോടെ കൂടുതല്‍ പേര്‍ ഇപ്പോള്‍ സുഡാന്‍ തുറമുഖത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെയും തുറമുഖത്തുനിന്ന് ഇന്ത്യയുടെ ദൗത്യം ആരംഭിച്ചിട്ടില്ല.

ഇക്കഴിഞ്ഞ 15നാണ് സുഡാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒമ്പത് ദിവസം പിന്നിട്ടിട്ടും ഇന്ത്യന്‍ സര്‍‍ക്കാര്‍ ചെറുവിരലനക്കിയില്ലെന്നത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയിരിക്കുന്നത്.

നൂറുകണക്കിന് മലയാളികളും സുഡാനില്‍ വിവിധ തൊഴിലുകളുമായി തങ്ങുന്നുണ്ട്. ഇതില്‍ ഏറെയും ആരോഗ്യ രംഗത്തുള്ളവരാണ്. സുഡാനിലെ മലയാളികളുടെ ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് കേന്ദ്രമാണെന്നതിനാല്‍ കേരളവും നിസഹായാവസ്ഥയിലാണ്. സുഡാനിലെ ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്നുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്ത് അയച്ചെങ്കിലും ഗൗരവത്തിലെടുത്തിട്ടില്ല.

 

Eng­lish Sam­mury: Ten days after the con­flict broke out in Sudan, Naren­dra Modi announced the name of the Sudan res­cue mission

Exit mobile version