Site iconSite icon Janayugom Online

ആര്‍എസ്എസ് പ്രീണനത്തിന് പുതിയ തന്ത്രം മെനഞ്ഞ് മോഡി; തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കും

ഇടഞ്ഞുനില്‍ക്കുന്ന ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ നീക്കം. ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കും. ഒക്ടോബര്‍ ഒന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ നാണയവും സ്റ്റാമ്പും മോഡി പ്രകാശനം ചെയ്യും. വിജയദശമി ദിനത്തിലാണ് ആര്‍എസ്എസ് 100-ാം വര്‍ഷം പൂര്‍ത്തിയാക്കുക.
ഒരു വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുന്നതാണ് പതിവ്. ഈ വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളില്‍ ആര്‍എസ്എസ് ശതാബ്ദി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ഇടപെട്ട് നടപടികള്‍ റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഇന്നലെ പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ റേഡിയോ അഭിസംബോധനാ പരിപാടിയിലും മോഡി ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ത്യാഗം, സേവനം, അച്ചടക്കം എന്നിവയാണ് ആര്‍എസ്എസിന്റെ പ്രധാന ശക്തി. നൂറുവര്‍ഷമായി ആര്‍എസ്എസ് അക്ഷീണം രാഷ്ട്രസേവനം തുടരുകയാണെന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍കി ബാത്തില്‍ അറിയിച്ചു. 

ആര്‍എസ്എസും ബിജെപിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് മോഡി മാതൃ സംഘടനയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ബിജെപി അധ്യക്ഷ പദം സംബന്ധിച്ച് ആര്‍എസ്എസ് തുടരുന്ന കടുംപിടിത്തം മോഡി അടക്കമുള്ള ഉന്നത നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. ഏതാനും നാള്‍ മുമ്പ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് മോഡിയെ പരോക്ഷമായി വിമര്‍ശിക്കുന്ന അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ അടക്കം ഉന്നയിച്ചിരുന്നു.

75 വയസ് പ്രായപരിധിയെന്ന മോഡിയുടെ വിരമിക്കല്‍ സംബന്ധിച്ചും ഭാഗവത് പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് മോഡി ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കുന്നത്. ബിജെപി അധ്യക്ഷനായി തന്റെ ഇഷ്ടക്കാരനെ പ്രതിഷ്ഠിക്കാനും മോഡി അണിയറയില്‍ തന്ത്രം മെനയുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

Exit mobile version