Site icon Janayugom Online

കേരളത്തെ അപമാനിക്കാന്‍ മോഡിച്ചിത്ര പരസ്യം

കേരളത്തെ അപമാനിക്കുന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പരസ്യവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വച്ചാണ് നുണപ്രചാരണം. ഭരണനിർവഹണം, പദ്ധതി നടത്തിപ്പ്, സാമൂഹ്യക്ഷേമം, വികസനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിവിധ കേന്ദ്രസർക്കാർ ഏജൻസികളിൽനിന്നും കഴിഞ്ഞവർഷം 24 പുരസ്കാരങ്ങള്‍ നേടിയ സംസ്ഥാനത്തെയാണ് തെരഞ്ഞെടുപ്പ് പരസ്യത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമില്ലാത്തതിനാലാണ് വിദ്യാർത്ഥികൾ കേരളം വിടുന്നതെന്നാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ തെരഞ്ഞെടുപ്പ് പരസ്യത്തിലെ ഒരു ആരോപണം. കേരളത്തിൽ നിന്ന് മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽനിന്നെല്ലാം വിദ്യാർത്ഥികൾ പോകുന്നുണ്ടെന്നിരിക്കേയാണ് ഇത്. ഹരിയാന, പഞ്ചാബ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നതെന്നാണ് കണക്കുകള്‍. ലോകത്തെവിടെയും ഗുണമേന്മയാർന്ന ജോലി സമ്പാദിക്കാൻ ശേഷിയുള്ള വിദ്യാഭ്യാസവും നൈപുണ്യവും കിട്ടുന്നവരാണ് കേരളീയരെന്ന വസ്തുതയെയാണ് ആരോപണംകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നത്.

കേന്ദ്ര സർക്കാർ ശമ്പളവും പെൻഷനും കൃത്യമായി നൽകുന്നു, കേരളത്തിൽ അവ മുടങ്ങുന്നു എന്നാണ് മറ്റൊരു ആരോപണം. ‌കേരളത്തിലെ ശമ്പളവും പെൻഷനും മുടക്കാൻ കേന്ദ്രസർക്കാരാണ് ശ്രമിച്ചതെന്നാണ് സത്യം. ശമ്പളവും പെൻഷനും സംസ്ഥാനത്ത് ഒരിക്കല്‍പോലും മുടങ്ങിയിട്ടില്ല. അതേസമയം അര്‍ഹതപ്പെട്ട വായ്‌പ കേന്ദ്ര സർക്കാർ നിഷേധിച്ചു. സുപ്രീം കോടതി പറഞ്ഞിട്ടാണ് ഒരു ഭാഗം അനുവദിച്ചത്‌. ഇതെല്ലാം മറച്ചുവച്ചാണ് പരസ്യം.
കോവിഡ്‌ കാലത്ത്‌ ശമ്പളവും പെൻഷനും കൃത്യമായി നൽകിയ ഏക സംസ്ഥാനമാണ്‌ കേരളം. പെൻഷൻ പരിഷ്കരണ കുടിശിക ഇപ്പോൾ നൽകി. ഡിഎ വർധിപ്പിച്ചു. ഇന്ത്യയിലാകെ നടന്ന പിഎസ്‌സി നിയമനങ്ങളിൽ 42 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ മൂന്നു ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ് മൊത്തം പിഎസ്‌സി നിയമനങ്ങളുടെ 42 ശതമാനവും നടന്നത്. 62 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ മാസം 900 കോടിയോളം രൂപയാണ്‌ സംസ്ഥാനം ചെലവഴിക്കുന്നത്‌. എട്ടു വർഷത്തിനിടെ നാല് ലക്ഷം വീട്‌ നിർമ്മിച്ചു നൽകാൻ 20,000 കോടി കേരളം ചെലവഴിച്ചു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് റിസർവ്‌ ബാങ്കും മറ്റ് ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതെല്ലാം അവഗണിച്ചാണ്‌ കുത്തകമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ ബിജെപി കള്ള പ്രചാരണം നടത്തിയിരിക്കുന്നത്.

ജനം തെര‍ഞ്ഞെടുപ്പില്‍ മറുപടി നല്‍കും

പ്രധാനമന്ത്രിയുടെ ചിത്രം വച്ച്‌ ശനിയാഴ്‌ചത്തെ പത്രങ്ങളിൽ നൽകിയ പരസ്യത്തിലൂടെ കേരളത്തെ സംബന്ധിച്ച്‌ കള്ളപ്രചാരണമാണ്‌ ബിജെപി നടത്തുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. വായിക്കുന്നവർക്ക് അത്ഭുതവും തമാശയും സൃഷ്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയുടെ ഈ കള്ളപ്പരസ്യം കൃത്യമായി ജനം മനസിലാക്കുന്നുണ്ട്. അവര്‍ ഇന്ത്യയിലാകെ എന്താണ് നടത്തുന്നതെന്ന് ജനങ്ങൾക്ക് അറിയാം. ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി ചിന്തിക്കും. ഇത്തരമൊരു വ്യാജ പ്രചരണത്തിൽ ആരും വീണുപോകില്ല എന്നത് പരസ്യം നൽകിയവർ തെരഞ്ഞെടുപ്പിലൂടെ മനസിലാക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി പ്രതികരിച്ചു.

Eng­lish Summary:Modi image ad to insult Kerala

You may also like this video

Exit mobile version