Site iconSite icon Janayugom Online

മോഡിയുടെ നാഗ്പൂര്‍ സന്ദര്‍ശനം പാഴായി;ആര്‍എസ്എസ് അടുത്തില്ല

ബിജെപി ദേശീയ അധ്യക്ഷനെ കണ്ടത്തുന്നതിന് സമവായം തേടി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച നരേന്ദ്ര മോഡിയുടെ ശ്രമം വൃഥാവിലായി. സന്ദര്‍ശനം കഴിഞ്ഞ് 10 ദിവസമായിട്ടും ബിജെപി നിര്‍ദേശിച്ച പേര് ആര്‍എസ് എസ് അംഗീകരിക്കാത്തതാണ് കാരണം.
മോഡിയും അമിത് ഷായും നിയന്ത്രിക്കുന്ന ഭരണത്തില്‍ ആര്‍എസ്എസ് നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അടുത്ത പാര്‍ട്ടി അധ്യക്ഷന്‍ ശക്തമായ നിലപാടുള്ളയാളാവണമെന്നും റബ്ബര്‍ സ്റ്റാമ്പ് ആകരുതെന്നും ആര്‍എസ്എസ് ശഠിക്കുന്നുണ്ട്. ഇതാണ് അംഗീകാരം വൈകാന്‍ പ്രധാന തടസമെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി പേരുകള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ അന്തിമമായി ആരെയും തീരുമാനിച്ചിട്ടില്ല. പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പ്രതികരിച്ചു. 

മോഡി ഭരണത്തിലെത്തിയശേഷം പാര്‍ട്ടിയിലേക്ക് കുടിയേറിയവരല്ല അധ്യക്ഷ സ്ഥാനത്തേക്ക് വരണ്ടതെന്നും ആര്‍എസ് എസ്- ബിജെപി പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന നേതാക്കളെയാണ് സംസ്ഥാന — ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് എന്നുമാണ് ആര്‍എസ്എസ് നിലപാട്. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയ മോഡിയെയും അമിത് ഷായെയും ഇനിയും വിഹരിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.
പ്രധാനമന്ത്രി പദത്തിലെത്തി നീണ്ട 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഡി മാര്‍ച്ച് 30ന് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പട്ടികയാണ് മോഹന്‍ ഭാഗവതിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. നിലവിലെ അധ്യക്ഷന്‍ ജെ പി നഡ്ഡയും ആര്‍എസ്എസുമായുള്ള അകലം പരിഗണിച്ച് ആര്‍എസ്എസ് നിര്‍ദേശിക്കുന്ന വ്യക്തിയെ അധ്യക്ഷനാക്കുന്നത് തീക്കളിയാണെന്ന തിരിച്ചറിവും മോഡിക്കും അമിത് ഷായ്ക്കും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്.

ജനുവരിയില്‍ കാലാവധി പൂര്‍ത്തിയായ ജെ പി നഡ്ഡക്ക് പകരം പുതിയ അധ്യക്ഷനെ ഉടനടി പ്രഖ്യാപിക്കുമെന്നായിരുന്നു മോഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചത്. ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് എന്നീവിടങ്ങളിലെ സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സാധിക്കാത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗ്രൂപ്പും തമ്മിലുള്ള കടുത്ത ഭിന്നതയാണ് അധ്യക്ഷപദത്തിന് വിഘാതം സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് രണ്ട് സംസ്ഥാനങ്ങളിലും സമാന അവസ്ഥയാണ്. 

Exit mobile version