രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് ഖജനാവ് നിറയ്ക്കാമെന്ന മോഡി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി വന്‍ പരാജയം. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലില്‍ പൂര്‍ണമായി വിജയം വരിക്കാനായത് കേവലം പത്ത് കമ്പനികളുടെ മാത്രം. ഇനി മുതല്‍ ഓഹരി വിറ്റഴിക്കലിലൂടെ ലഭിച്ച തുക പരസ്യമാക്കേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 36 സ്ഥാപനങ്ങളുടെ ഓഹരി പൂര്‍ണമായി വിറ്റഴിക്കാനാണ് മോഡി സര്‍ക്കാര്‍ പദ്ധതിയിട്ടതെങ്കിലും പത്ത് സ്ഥാപനങ്ങളുടെ ഓഹരി മാത്രമേ വിറ്റഴിക്കാന്‍ സാധിച്ചുള്ളു. വില്പനയ്ക്ക് വച്ച പട്ടികയിലെ എട്ട് സ്ഥാപനങ്ങളെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ച ഓഹരി വിറ്റഴിക്കല്‍ പൂര്‍ണമായി പാളിയെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി വിറ്റഴിക്കാന്‍ തീരുമാനിച്ച പകുതി സ്ഥാപനങ്ങളുടെ കേസിലും പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ലെന്ന് ധനമന്ത്രാലയം രേഖാമൂലം പാര്‍ലമെന്റിനെ അറിയിച്ചു. രാജ്യത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സ്ഥാപനങ്ങളാണ് മോഡി സര്‍ക്കാര്‍ വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ പ്രതിഷേധവും തൊഴിലാളി യുണിയനുകളുടെ ശക്തമായ എതിര്‍പ്പും അവഗണിച്ചായിരുന്നു മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍. എന്നാല്‍ ഇത് ഫലപ്രദമായില്ലെന്ന് ധനമന്ത്രാലയത്തിന്റെ മറുപടി വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യ, നീലാചല്‍ ഇസ്പത് നിഗം എന്നിവയുടെ ഓഹരി വിറ്റഴിക്കലില്‍ മാത്രമാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചത്. വിറ്റഴിക്കാന്‍ തീരുമാനിച്ച 36 സ്ഥാപനങ്ങളുടെ പട്ടികയില്‍ 33 എണ്ണത്തിന്റെയും ചുമതല ധനമന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റിനാണ്.
ബാക്കിയുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അതാത് മന്ത്രാലയത്തിന്റെ കീഴിലാകും നടക്കുക. പൊതുമേഖലാ എണ്ണക്കമ്പനിയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ 51 ശതമാനം ഓഹരി 2018ല്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന് (ഒഎന്‍ജിസി) 36,912 കോടിക്ക് വിറ്റതാണ് ഏറ്റവും വലിയ ഇടപാട്. 2019ല്‍ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്റെ 52.6 ശതമാനം ഓഹരി സര്‍ക്കാര്‍ അധീനതയിലുള്ള പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 14,500 കോടി രൂപയ്ക്ക് സ്വന്തമാക്കി. വില്പനയ്ക്ക് വച്ച 33 സ്ഥാപനങ്ങളില്‍ അഞ്ച് കമ്പനികള്‍ അടച്ച് പൂട്ടാനും മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുസ്ഥാന്‍ ഫ്ലൂറോകാര്‍ബണ്‍, സ്കൂട്ടേഴ്സ് ഇന്ത്യ, ഭാരത് പമ്പ്‌സ് ആന്റ് കംപ്രസര്‍, ഹിന്ദുസ്ഥാന്‍ പ്രീഫാബ്, സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയാണ് താഴിട്ടു പൂട്ടാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോടതി വ്യവഹാരങ്ങളും പ്രായോഗികമല്ലാത്ത ഇടപാടുകളുമാണ് മോഡിയുടെയും നിര്‍മ്മല സീതാരാമന്റെയും സ്വപ്നം തല്ലിക്കെടുത്തിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം ഓഹരി വിറ്റഴിക്കല്‍ വഴി ലഭിച്ച വരുമാനം ഇനി മുതല്‍ പരസ്യമാക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും വിവാദമായിരിക്കുകയാണ്.