Site iconSite icon Janayugom Online

ബ്രിജ് ഭൂഷണെതിരെ നടപടി പാടില്ലെന്ന സന്ദേശമാണ് മോഡിയുടെ മൗനം: കപില്‍ സിബല്‍

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആര്‍എസ്എസിന്റെയും മൗനം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള കൃ‍ത്യമായ സന്ദേശമാണെന്ന് കപില്‍ സിബല്‍ എംപി. ബ്രിജ് ഭൂഷണെതിരെ നടപടി പാടില്ലെന്ന സന്ദേശമാണത് എന്നാണ് കപില്‍ സിബല്‍ ട്വിറ്റില്‍ സൂചിപ്പിക്കുന്നത്.

‘ശക്തമായ തെളിവുകള്‍ക്കൊപ്പം ജനരോഷം ഉയര്‍ന്നിട്ടും ബ്രിജ് ഭൂഷണ്‍ സിംഗിനെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. പ്രധാനമന്ത്രി നിശബ്ദന്‍, ആഭ്യന്തരമന്ത്രി നിശബ്ദന്‍, ബിജെപി നിശബ്ദം, ആര്‍എസ്എസ് നിശബ്ദം, അന്വേഷിക്കുന്നവര്‍ക്ക് വേണ്ട സന്ദേശമായി!’.  ‘എല്ലാവര്‍ക്കുമൊപ്പം അല്ല, ബ്രിജ് ഭൂഷണിനൊപ്പം,’ സര്‍ക്കാരിന്റെ മുദ്രാവാക്യമായ ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന മുദ്രവാക്യത്തെയും സിബല്‍ ട്വീറ്റിലൂടെ പരിഹസിച്ചു.

ആറ് വനിതാ ഗുസ്തി താരങ്ങളുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിവിധ സമയങ്ങളിലും സ്ഥലങ്ങളിലും സിങ് നടത്തിയ ലൈംഗികാതിക്രമം, അനുചിതമായ സ്പര്‍ശനം, തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേരത്തെ തന്നെ വിഷയത്തില്‍ പരാതി ഉന്നയിച്ചിരുന്നതായും അദ്ദേഹം താരങ്ങള്‍ക്ക് പിന്തുണ വാദ്ഗാനം ചെയ്തതായും എഫ്ഐആറിലുണ്ട്. എന്നാല്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.

 

Eng­lish Sam­mury:  Kapil Sibal said Mod­i’s silence is a mes­sage that no action should be tak­en against Brij Bhushan

Exit mobile version