Site iconSite icon Janayugom Online

പാമ്പാട്ടികള്‍ ജാഗ്രതൈ!

modimodi

പാലൂട്ടി വളര്‍ത്തിയ കൈയ്ക്കു കടിക്കുന്ന പാമ്പ് എന്നൊരു പ്രയോഗമുണ്ട്. വിഷപ്പല്ലെടുത്തു കളയാതെ വളര്‍ത്തിയാല്‍ നീര്‍ക്കോലി പോലും കടിക്കും. അന്ന് അത്താഴവും മുടങ്ങും. വളര്‍ത്തുന്നത് രാജവെമ്പാലകളെയാവുമ്പോഴോ? വിഷപ്പല്ലും വിഷസഞ്ചിയും മാറ്റാതെ വളര്‍ത്തിയാല്‍ ഉഗ്രവിഷം തീണ്ടി മരണം ഉറപ്പ്. രാജവെമ്പാലകളുടെ കടിയേറ്റ് ചില രാഷ്ട്രീയ പാര്‍ട്ടികളും ഒരു മഹാരാജ്യം തന്നെയും പൊറുതി മുട്ടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതു കേട്ടാണ് ഓരോ ദിവസവും ഉണരുന്നത്. അഖില്‍ തോമസും കെ വിദ്യയും മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കൂലിപ്പടയുടെ കമാന്‍ഡറായ യെവ്ഗെനി പ്രിഗോഷിന്‍ വരെ നീളുന്നു ആ രാജവെമ്പാലകളുടെ ഗണം. ശതകോടീശ്വരനും ഹോട്ടലുടമയുമായ പ്രിഗോഷിന്‍ ആണ് മൂന്നര പതിറ്റാണ്ടായി പുടിനു ഭക്ഷണം വിളമ്പുന്നത്. ഇതില്‍പ്പരം യോഗ്യത വേണോ തന്റെ കൂലിപ്പട്ടാളത്തിന്റെ മേധാവിക്ക് എന്ന് പുടിനു തോന്നുക സ്വാഭാവികം. സേനാധിപതിയായിക്കഴിഞ്ഞ് കുറച്ചുകാലം കഴി‍ഞ്ഞപ്പോള്‍ വിഷമിറക്കാന്‍ പ്രിഗോഷിന് വല്ലാത്ത ആക്രാന്തം. പുടിന്റെ കൂലിപ്പടയുമായി ക്രെംലിന്‍ കൊട്ടാരത്തിലേക്കുതന്നെ സൈനിക നീക്കമായി. ഭയന്നുവിറങ്ങലിച്ച പുടിന്‍ പലായനത്തിനു പോലും ഒരുങ്ങി. ഇതിനിടെ ബെലാറുസ് പ്രസിഡന്റ് കൂലിപ്പടത്തലവന്റെ കാലുപിടിച്ച് പടനീക്കത്തിനു ശമനമുണ്ടാക്കി. വിദ്യക്കുട്ടിയെ പോറ്റിവളര്‍ത്തിയത് എസ്എഫ്ഐ.

ഉദ്യോഗലബ്ധിക്ക് എളുപ്പവഴിയായി വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചു. അഖിലാണെങ്കില്‍ ഒരു സര്‍വകലാശാലയുടെ ഡിഗ്രിതന്നെ വ്യാജമായി നിര്‍മ്മിച്ച് എം കോമിനു പ്രവേശനം നേടി. പരീക്ഷയെഴുതാതെ തന്നെ പൂജ്യം മാര്‍ക്കിട്ടു കിട്ടിയിട്ടും തന്നെ ജയിപ്പിച്ചതിനെതിരെ ആര്‍ഷോ നല്കിയ കേസ് നിലവിലുണ്ട്. ആര്‍ഷോക്കെതിരായി വധശ്രമമടക്കം നാല്പത് കേസുകളും കൂടെ.
എന്തായാലും ഒരു കേസില്‍ ആര്‍ഷോ കുടുങ്ങാന്‍ പോകുന്നു. എഐഎസ്എഫ് നേതാവായ നിമിഷാ രാജിന്റെ മുതുകത്തും നാഭിയിലും ചാടിച്ചവിട്ടിയതിലും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത കേസില്‍. ഈ കേസ് ഒത്തുതീര്‍ന്നതായി ആര്‍ഷോ കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്കിയിരിക്കുന്നു. ഒരൊത്തുതീര്‍പ്പുമുണ്ടാക്കിയില്ലെന്നും കോടതിയോടും ആര്‍ഷോ കള്ളം പറ‍ഞ്ഞിരിക്കുകയാണെന്ന് എഐഎസ്എഫ് തറപ്പിച്ചു പറയുന്നു. വ്യാജ സത്യവാങ്മൂലത്തില്‍ നിമിഷയുടെ വ്യാജ ഒപ്പിട്ടാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന വാര്‍ത്തയും പുറത്തുവരുന്നു.


ഇതുകൂടി വായിക്കൂ: രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ


ഇരുണ്ട ഭൂഖണ്ഡമെന്ന് നാം കളിയാക്കാറുള്ള ആഫ്രിക്കയിലെ ഒരു സര്‍വകലാശാലയുടെ കവാടത്തില്‍ എഴുതിവച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്. ‘ഒരു രാഷ്ട്രത്തെ തകര്‍ത്തെറിയാന്‍ അണുബോംബുകളുടേയോ മിസൈലുകളുടേയോ ആവശ്യമില്ല. അതിന് ആ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ക്കുകയും പരീക്ഷകളില്‍ കള്ളം ചെയ്യാന്‍ അനുവദിച്ചാല്‍ മാത്രം മതിയാകും. അത്തരം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പിറക്കുന്ന അധ്യാപകര്‍ തലമുറകളെ വ്യാജന്മാരാക്കുന്നു. വ്യാജ ഡോക്ടര്‍മാര്‍ സമൂഹത്തെ കൊന്നൊടുക്കുന്നു. ഈ സംവിധാനത്തില്‍ പിറക്കുന്ന ന്യായാധിപന്മാര്‍ നീതി നിഷേധിക്കുന്നു. ഈ സമ്പ്രദായത്തില്‍ പിറക്കുന്ന എന്‍ജിനീയര്‍മാര്‍ നിര്‍മ്മിച്ച പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നുവീഴുന്നു. വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെന്നാല്‍ രാഷ്ട്രത്തിന്റെ തന്നെ തകര്‍ച്ചയാണ്.’ ചിന്തോദ്ദീപകമായ ഈ വാചകങ്ങള്‍ നമ്മുടെ വിശ്വോത്തര സര്‍വകലാശാലകള്‍ക്ക് മുന്നിലും എഴുതിവയ്ക്കേണ്ട ദുരന്തകാലമിത്.

യുഎസിലേയും ഈജിപ്റ്റിലേയും സുഖവാസത്തിനു ശേഷം പ്രധാനമന്ത്രി മോഡി അടുത്ത ദിവസം ഇന്ത്യ സന്ദര്‍ശിക്കാനെത്തും! എന്നിട്ട് കത്തിക്കാളുന്ന മണിപ്പൂരിനെ നോക്കി മോഡി വീണവായിക്കും. പക്ഷേ, ഈവന്റ് മാനേജ്മെന്റ് തടുത്തുകൂട്ടിയ കുറേ ഇന്ത്യാക്കാരുടെ സമ്മേളനത്തെ മോഡി അഭിസംബോധന ചെയ്ത വാര്‍ത്ത കൊട്ടിഘോഷിച്ച ഇന്ത്യന്‍ മാധ്യമങ്ങള്‍ രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരായ ഇന്ത്യാക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ കണ്ടില്ല. എന്തിന് മോഡീവര്‍ണനയ്ക്ക് വിശ്വപ്രസിദ്ധ പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസി‘നെത്തന്നെ വിശ്വഗുരുവിന്റെ അനുയായികള്‍ റാഞ്ചിക്കള‍ഞ്ഞാലോ! രണ്ട് വര്‍ഷം മുമ്പ് സെപ്റ്റംബറില്‍ യു എസിലെത്തിയ മോഡിയെ ‘ഭൂമിയിലെ ഏറ്റവും വലിയ പ്രത്യാശ’ എന്ന തലക്കെട്ടോടെയാണ് ‘ന്യൂയോര്‍ക്ക് ടൈംസ്’ അവതരിപ്പിച്ചത്. മുന്‍ പേജിലെ ചിത്രത്തോടുകൂടിയ ഈ വാര്‍ത്ത കണ്ട് ടൈംസ് പത്രാധിപരും വായനക്കാരും അന്തിച്ചുപോയി. ആ ദിവസം തങ്ങള്‍ അത്തരമൊരു പത്രമേ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അവര്‍ക്ക് പത്രക്കുറിപ്പിറക്കേണ്ടിവന്നു. മാത്രമല്ല, ആ ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജിലെ ചിത്രം യുഎസ് കടല്‍ത്തീരത്തെ ഒരു സായാഹ്നത്തിന്റേതായിരുന്നു. പത്രത്തട്ടിപ്പ് നടത്തിയ ശേഷം ഇത്തവണ യുഎസിലെത്തിയ മോഡിക്കെതിരെ വ്യാജ പത്രനിര്‍മ്മാണത്തിന് അവിടത്തെ നിയമപ്രകാരം കേസെടുക്കണമായിരുന്നു. തട്ടിപ്പിന് നയതന്ത്രത്തില്‍ സ്കോപ്പില്ലായിരിക്കാം!


ഇതുകൂടി വായിക്കൂ: ഇണ്ടം‍തുരുത്തിമനയെ മറക്കരുത്


കര്‍ണാടക നിയമസഭാ മന്ദിരത്തിലെ തെക്കേ കവാടം ഇന്നലെ തുറന്നപ്പോള്‍ അന്ധവിശ്വാസത്തിനെതിരെയുള്ള ഒരു വിളംബരമാണ് നടന്നത്. കാല്‍ നൂറ്റാണ്ടായി അടഞ്ഞുകിടന്ന കവാടം. അന്നത്തെ മുഖ്യമന്ത്രി ജെ എസ് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് വാസ്തു വിദ്യാപരമായി അപശകുനം എന്ന് മുദ്രകുത്തി തെക്കേ വാതില്‍ അടച്ചത്. യെദ്യൂരപ്പ മുതല്‍ കുമാരസ്വാമിയും ബസവണ്ണ രാജ ബൊമ്മെയുമടക്കമുള്ളവരും തിരിച്ചടി ഏറ്റുവാങ്ങിയതോടെ ഇനി തുറക്കില്ലെന്നു കരുതിയ വാതിലാണ് സിദ്ധരാമയ്യ ചവിട്ടിത്തുറന്നത്. നമുക്കുമുണ്ട് അന്ധവിശ്വാസം ചൂഴ്ന്നുനില്ക്കുന്ന ഒരു ഔദ്യോഗിക വസതി. രാജ്ഭവനെ തൊട്ടുരുമ്മി നില്ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും പതിമൂന്നാം നമ്പര്‍ ഔദ്യോഗിക കാറും ആര്‍ക്കും വേണ്ട. സിപിഐ നേതാവ് വി വി രാഘവന്‍ ഈ അന്ധവിശ്വാസത്തെ തകര്‍ത്ത് അവിടെ താമസിച്ചുവെങ്കിലും പിന്നീട് വന്ന പലര്‍ക്കും മന്‍മോഹന്‍ ബംഗ്ലാവ് പേടിസ്വപ്നമായി. ഇപ്പോള്‍ അന്ധവിശ്വാസത്തില്‍ വിശ്വാസമില്ലാത്ത പി പ്രസാദിനാണ് പതിമൂന്നാം നമ്പര്‍ ഔദ്യോഗിക കാര്‍. മന്‍മോഹന്‍ ബംഗ്ലാവില്‍ മന്ത്രി ആന്റണി രാജുവും. എങ്കിലും എന്റെ മന്‍മോഹന്‍ ബംഗ്ലാവേ എന്ന അപശകുന ചിന്ത ഇപ്പോഴും…

Exit mobile version