27 May 2024, Monday

ഇണ്ടം‍തുരുത്തിമനയെ മറക്കരുത്…

ദേവിക
March 13, 2023 6:00 am

വാതിൽപ്പഴുതിലൂടെ

രിത്രത്തെയും ചരിത്രപുരുഷന്മാരെയും തമസ്കരിക്കാന്‍ വിരുതന്മാരാണ് നമ്മള്‍ മലയാളികള്‍. ഇക്കാര്യത്തില്‍ നാം തമിഴരെ കണ്ടുപഠിക്കണം. അവിടെ ആളില്ലാ ഗ്രാമങ്ങളില്‍ അനാഥമായി കിടക്കുന്ന ചെറുശിലാവിഗ്രഹങ്ങളെപ്പോലും തോണ്ടിയെടുത്ത് ചരിത്രം പരതുന്നു. അവ പിന്നീട് പുരാവസ്തുക്കളായി സംരക്ഷിക്കപ്പെടുന്നു. ഒരു ഡിഎംകെ നേതാവിന്റെ പ്രസംഗമാണ് ഇത്തരമൊരു പുരാവസ്തു സംരക്ഷണത്തിന് തമിഴകത്തില്‍ വഴി മരുന്നിട്ടത്. അനാഥമായിക്കിടക്കുന്ന ഈ സ്മാരകശിലകള്‍ മോഷ്ടിച്ച് യുഎസ് ഉള്‍പ്പെടെ പാശ്ചാത്യനാടുകളിലേക്ക് കടത്തി കോടികള്‍ തട്ടുന്ന ഒരു മാഫിയതന്നെ അന്നു നാടുവാണിരുന്ന ജയലളിത സര്‍ക്കാരിന്റെ അണ്ണാ ഡിഎംകെയിലുണ്ടായിരുന്നു. ഇതെല്ലാം കണ്ട് മനംനൊന്ത ഡിഎംകെ നേതാവ് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചു. തലൈവര്‍ കരുണാനിധിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു പ്രസംഗം. ‘നമത് തമിഴകത്തിൻ ശിലൈകള്‍ക്ക് ജയലളിതാവുക്ക് പുല്ലുവില. അതുക്ക് അമേരിക്കാവില്‍ എന്നാ വില, പൊന്നുവില. കരുണാനിധി ഒരു ശിലൈ. ജയലളിത വെറും ഇലൈ!’ അടുത്ത കരുണാനിധി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ തമിഴ്‌നാട്ടിലെ ഈ സ്മാരകശിലകള്‍ പുരാവസ്തുക്കളായി പ്രഖ്യാപിക്കുന്ന നിയമം തന്നെ കൊണ്ടുവന്നു.

മ്മുടെ അവസ്ഥയെന്താണ്. പഴയ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ കാടുകയറി സര്‍പ്പവാസ കേന്ദ്രമായി. അതെല്ലാം പോകട്ടെ. ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കെന്തെങ്കിലും പദ്ധതിയുണ്ടോ? അതേസമയം, വൈക്കത്തെ ചരിത്രപ്രസിദ്ധമായ ഇണ്ടംതുരുത്തിമന സിപിഐയുടെയും എഐടിയുസിയുടെയും ഭദ്രമായ കൈകളിലായതുകൊണ്ടുമാത്രം ഇന്നും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വൈക്കം മഹാദേവക്ഷേത്രത്തിന്റെ സമീപത്തെ ഇടവഴികളില്‍പ്പോലും സഞ്ചാരസ്വാതന്ത്ര്യമില്ലായിരുന്നു. ഇവരുടെ ക്ഷേത്രപ്രവേശനം നേടിയെടുക്കാന്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം ആരംഭിച്ചപ്പോള്‍ ഇതേക്കുറിച്ച് മനയില്‍വച്ചു ചര്‍ച്ചചെയ്യാന്‍ ഇണ്ടംതുരുത്തിമന നമ്പ്യാതിരിയെന്ന ദേശരാജാവ് വിസമ്മതിച്ചു. മനയ്ക്കുപുറത്തെ പന്തലില്‍ വച്ചായിരുന്നു ഗാന്ധിയും നമ്പ്യാതിരിയുമായി ചര്‍ച്ച. ചര്‍ച്ച കഴിഞ്ഞപ്പോള്‍ ആ പന്തലില്‍ ചാണകം തളിച്ച് നമ്പ്യാതിരി ശുദ്ധിവരുത്തി. കാരണം നമ്പ്യാതിരി ബ്രാഹ്മണനും ഗാന്ധിജി വൈശ്യനുമായിപ്പോയി. ക്ഷേത്രപ്രവേശനസമരം വിജയിച്ചു. കാലചക്രം വീണ്ടും ഉരുണ്ടു. ഒരിക്കല്‍ നമ്പ്യാതിരി തറവാട്ടിന് മന വില്ക്കേണ്ടിവന്നു. സിപിഐ നേതാവായ സി കെ വിശ്വനാഥന്റെ നേതൃത്വത്തില്‍ പലരില്‍ നിന്നും കടംവാങ്ങിയും തൊഴിലാളികളില്‍ നിന്നു പിരിവെടുത്തും മന പാര്‍ട്ടിയുടെ സ്വത്താക്കി. നവീകരിച്ച ഇണ്ടംതുരുത്തിമന ഇന്ന് കേരളത്തിലെ സാമൂഹ്യ വിപ്ലവവിജയത്തിന്റെ തിലകക്കുറിയായി നില്‍ക്കുന്നു. കാലത്തിന് ഒരു കാവ്യനീതിയുള്ളപ്പോള്‍ ചരിത്രം ഒരിക്കലും തോല്‍ക്കാറില്ല, പക്ഷേ ഇതുമതിയോ. വിവാദ ചരിത്രനായകര്‍ക്ക് സ്മാരകം പണിയാന്‍ കോടികള്‍ നല്‍കുന്ന നാമെന്തേ ഇണ്ടം‍തുരുത്തിമനയെ മറക്കുന്നു. ചരിത്രത്തെ തമസ്കരിക്കുന്നു.

മ്മുടെ ബിജെപി നേതാവിന് ഇണ്ടം‍തുരുത്തിമനയുടെ കാര്യത്തില്‍ ഇനിയും നേരം വെളുത്തിട്ടില്ല. മന സര്‍ക്കാര്‍ ഏറ്റെടുക്കണമത്രേ. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മ പേറുന്ന മനയോട് ഗാന്ധിഘാതകരുടെ ഈ പ്രിയശിഷ്യന് എന്തൊരു ഭയഭക്തി ബഹുമാനമാണ്! സുരേന്ദ്രന്‍ പറയാറുണ്ടല്ലോ, തങ്ങളുടെ സംസ്ഥാന ആസ്ഥാനമന്ദിരമായ മാരാര്‍ജി ഭവന്‍ ഒരു ചരിത്രസ്മാരകമാണെന്ന്. എങ്കില്‍ മാരാര്‍ജി ഭവനും ഏറ്റെടുക്കണമെന്ന് സുരേന്ദ്രന്‍ പറയുമോ! അങ്ങുമോഡിയോട് പോയി പറ ഇണ്ടം‍തുരുത്തിമന ഏറ്റെടുക്കാന്‍. എല്ലാം വിറ്റുതുലയ്ക്കുന്ന മോഡി പറയും, വില്ക്കാനാണെങ്കില്‍ ഞാന്‍ തയ്യാര്‍, വാങ്ങാന്‍ ഞാനില്ല! അങ്ങനെ സുരേന്ദ്രന്റെ സ്മാരക കച്ചവടവും പൊളിയും.

മ്മുടെ ക്ഷേത്രങ്ങളില്‍ മുഖ്യമായി നടക്കുന്നത് പ്രസാദ കച്ചവടമാണെന്നു പറയാറുണ്ട്. ദേവീദേവന്മാരെ ദര്‍ശിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചശേഷം ദേവപ്രസാദത്തിനു വില കൊടുക്കണം. പ്രസാദം വാങ്ങുംമുമ്പ് പൂജാരിക്കു ദക്ഷിണ നല്കണം. അതും ആ ബ്രാഹ്മണന്റെ കയ്യില്‍ സ്പര്‍ശിക്കാതെ ഇട്ടുകൊടുക്കണം. ദൈവത്തിനു മുന്നിലെ ഈ അയിത്തമെന്തേ ഇപ്പോഴും തുടരുന്നു. ദൈവത്തിനും പൂജാരിക്കും ഭഗവാന്റെ മുന്നില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിശ്വാസികള്‍ നല്കേണ്ട കോഴ ഇടപാട് ദൈവത്തിനു കിട്ടുന്നതില്‍ ഒരു പങ്ക് ഭക്തനും വീതിച്ചു നല്കേണ്ടേ. പണമായി വേണ്ട, അന്നമായാലും മതി. ഗുരുവായൂര്‍ ദേവസ്വം ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ മാതൃക കാട്ടിയിരിക്കുന്നു. ഇത്തവണ ഉത്സവസദ്യക്ക് 2.1 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാവിലെ കഞ്ഞിയും മുതിരപ്പുഴുക്കും. രാത്രി ചോറും രസകാളനും മറ്റു വിഭവങ്ങളും. കഞ്ഞിക്ക് 42,000 കിലോ മുതിരയും 22,000 കിലോ ഇടിച്ചക്കയും. 300 കിലോ കല്ലുപ്പിന്റെയും 600 കിലോ പൊടിയുപ്പിന്റെയും വിഭവങ്ങളാണ് തയ്യാറാക്കുക. 10 ടണ്‍ പപ്പടം കാച്ചിയെടുക്കാന്‍ ഒമ്പത് ടണ്‍ വെളിച്ചെണ്ണ. ഭക്ഷണം വിളമ്പാന്‍ 2.5 ലക്ഷം പാളപ്ലേറ്റ്. കഞ്ഞികുടിക്കാന്‍ രണ്ടരലക്ഷം പച്ച പ്ലാവില കുത്തിയെടുത്ത കരണ്ടി. 20,000 കിലോ മത്തന്‍, 12,000 കിലോ കുമ്പളങ്ങ. 500 കിലോ ചേന, 3500 കിലോ വെള്ളരിക്ക. 2300 കിലോ പച്ചമാങ്ങ, 500 കിലോ മുരിങ്ങക്ക. 750 കിലോ മുളകുപൊടി, 300 കിലോ ജീരകം. 5,500 കിലോ ശര്‍ക്കര, 1,500 കിലോ മാമ്പഴം എന്നിങ്ങനെ നീളുന്നു അന്നദാനത്തിന്റെ കുറിപ്പടി. പ്രതിമാസം ശരാശരി 160 കോടിയുടെ കാണിക്കപ്പണവും നൂറുകിലോയിലേറെ സ്വര്‍ണവുമാണ് ഗുരുവായൂരപ്പനു ലഭിക്കുന്നത്. അതില്‍ നിന്നാണ് ഏഴു ദിവസത്തെ ഉത്സവത്തിന് ഈ 2.31 കോടിയെന്ന കണക്കു വേറെ!

ണ്ടൊരിക്കല്‍ സെക്രട്ടേറിയറ്റിന് സമീപത്തെ ഒരു ബാറില്‍ ഒരു എക്സെെസ് ഇന്‍സ്പെക്ടര്‍ പെന്‍ഷന്‍ പറ്റി പിരിയുന്നത് സംബന്ധിച്ച സല്‍ക്കാരം നടന്നു. സല്‍ക്കാരം മൂത്തപ്പോള്‍ സുഹൃത്തുക്കള്‍ മദ്യപാനവും മൂപ്പിച്ചു. അടുത്തൂണ്‍കാരന്റെ കഴുത്തില്‍ ഒരു ഭീമന്‍ മാലയും ആലവട്ടംപോലെ കയ്യിലൊരു പൂച്ചെണ്ടും. പാതിരയായിട്ടും മദ്യപാനം തീരുന്നില്ല. മദ്യപിക്കാത്ത പെന്‍ഷന്‍കാരന്‍ ബാറിന്റെ പുറത്തെ തിണ്ണയില്‍ കാത്തിരുന്നു. പിന്നെ പൂര്‍ണ ഉറക്കമായി. സഹപ്രവര്‍ത്തകര്‍ പുറത്തിറങ്ങി വീടുപറ്റി. ഉറങ്ങുന്നയാളെ വിളിച്ചുണര്‍ത്തി ബുദ്ധിമുട്ടിക്കരുതല്ലോ. വഴിപോക്കര്‍ കരുതി ഒരജ്ഞാത ജഡത്തിന് ആരോ റീത്ത് വച്ചതാണെന്ന്. ഇതുപോലെയായി പത്തനംതിട്ടയിലെ ഒരു പൊലീസുകാരന്റെ യാത്രയയപ്പ്. ചടങ്ങുകള്‍ കനത്തപ്പോള്‍ കുടി മൂത്ത് പൊലീസുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. രണ്ടുപേര്‍ സസ്പെന്‍ഷനിലുമായി. യാത്രയയപ്പ് ചടങ്ങുകള്‍ പൊളിച്ചെഴുതേണ്ട കാലവുമായി.

Eng­lish Sam­mury: janayu­gom columns vathilapazhuthiloode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.