Site iconSite icon Janayugom Online

മോഹന്‍ ഭാഗവതിന്റെ ആഹ്വാനവും വര്‍ഗീയ സംഘര്‍ഷങ്ങളും

മതം, ജാതി, ഗോത്രം, ദേശം എന്നിവയുടെ പേരില്‍ വിവിധ വിഭാഗം ജനങ്ങളുടെ ഇടയില്‍ വിദ്വേഷം ജനിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഫാസിസ്റ്റ് ശക്തികള്‍ ആസൂത്രിതമായി നടപ്പില്‍ ‍വരുത്തുന്നത്. ജനങ്ങളുടെ പിന്നാക്കാവസ്ഥ മനസിലാക്കി അതിനനുസരിച്ചുള്ള തന്ത്രങ്ങളാണ് ഭിന്നിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്. സങ്കുചിത ദേശീയ ബോധവും സ്വത്വബോധവും ഉല്പാദിപ്പിച്ച് തങ്ങളുടെ പ്രചരണങ്ങളിലൂടെ വിതറുകയും ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി മാറ്റുകയും ചെയ്യുന്നു. പരസ്പരം ശത്രുക്കളായി മാറുന്ന വിവിധ വിഭാഗം ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും ഫാസിസ്റ്റ് ശക്തികള്‍ തന്നെയാണ്. സമ്പത്തും ആയുധങ്ങളും എല്ലാം ഒരേ കേന്ദ്രത്തില്‍ നിന്നു തന്നെയാണ് ലഭ്യമാക്കുന്നത്. വര്‍ഗപരമായ ബോധത്തെയും ബഹുജന സംഘടനകളെയും ദുര്‍ബലപ്പെടുത്തി, പ്രതിരോധിക്കാനുള്ള ജനങ്ങളുടെ ശക്തിയെ ചോര്‍ത്തിക്കളയുക എന്നതാണ് ഫാസിസ്റ്റ് ശക്തികള്‍ എല്ലാക്കാലത്തും ഉപയോഗിച്ചു വരുന്ന തന്ത്രം. ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ സമര്‍ത്ഥമായാണ് ഈ തന്ത്രങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചുവരിക എന്ന ലക്ഷ്യം മുഖ്യ അജണ്ടയായി നിശ്ചയിച്ച് അതിനായുള്ള ആസൂത്രണമാണ് ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. കഴിഞ്ഞ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം അഴിച്ചുവിട്ട ആക്രമണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബിജെപി, സംഘ്പരിവാര്‍ നേതൃത്വത്തിനു നന്നായി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള വിവിധ പരിപാടികള്‍ രാജ്യത്ത് നടപ്പിലാക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നതാണ് പ്രധാനം.

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയിടുക, അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുക തുടങ്ങിയ നടപടികള്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പിലാക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അതിന്റെ ഭാഗം മാത്രമാണ്. നീതിന്യായ വ്യവസ്ഥ, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നീ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭയപ്പെടുത്തി തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുവാനുള്ള നീക്കങ്ങളും ഇതിനകം ശക്തിപ്പെടുത്തിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികള്‍ വ്യാപകമായിട്ടുണ്ട്. ബിബിസിക്കെതിരായി സ്വീകരിച്ച നടപടികള്‍ അതിന്റെ ഭാഗമാണ്. മലയാളത്തിലെ മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ചാനലുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഇതിനകം രാജ്യത്ത് ചര്‍ച്ചാവിഷയമാണ്. ഐടി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. യുട്യൂബ് ചാനലുകളെയും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനങ്ങളെയും നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍, ഒരിക്കലും അനുവദിക്കില്ല എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇതിലൂടെ ഇല്ലാതാക്കുന്നു. രാജ്യത്ത് ഇരുട്ട് സൃഷ്ടിച്ച് ഭീകരാവസ്ഥയിലാക്കി ജനങ്ങളെ ഭയപ്പെടുത്തുക എന്ന നയമാണ് പ്രാവര്‍ത്തികമാക്കുന്നത്. അതിന്റെ ഭാഗമായി മാത്രമെ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ കാണാന്‍ കഴിയൂ. വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ കലാപങ്ങള്‍ ഉണ്ടായി. പതിനായിരക്കണക്കിന് ജനങ്ങള്‍ അതിന്റെ ഇരകളായി മാറി. ഇപ്പോഴും ആക്രമണങ്ങള്‍ ശമിച്ചിട്ടില്ല. നമ്മുടെ രാജ്യത്ത് രാമനവമി ആഘോഷങ്ങള്‍ എല്ലാക്കാലത്തും ആഘോഷിക്കാറുമുണ്ട്.


ഇതുകൂടി വായിക്കൂ: ബിജെപിയെ തോല്പിക്കുക,രാജ്യത്തെ രക്ഷിക്കുക


വിവിധ വിഭാഗം ജനങ്ങള്‍ തങ്ങളുടെ ദേശീയ ആഘോഷമായാണ് ഇതിനെയെല്ലാം കണ്ടിരുന്നത്. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്തീയ ജനവിഭാഗങ്ങള്‍ എല്ലാം ഈ ആഘോഷങ്ങളില്‍ പങ്കെടുത്തുവരുന്നതാണ്. ജനങ്ങളുടെ ഐക്യത്തിന്റെ പ്രതീകമായി നടന്നിരുന്ന ആഘോഷങ്ങളെ വിദ്വേഷത്തിന്റെ ഇടങ്ങളാക്കി മാറ്റുന്നത് സംഘ്പരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികളില്‍ സങ്കുചിതമായ ഹിന്ദു ദേശീയത ഉല്പാദിപ്പിക്കാനുള്ള നീക്കമാണിത്. ആര്‍എസ്എസ് രൂപീകൃതമായ 1925 മുതല്‍ അതിനായി രാജ്യത്ത് ആരംഭിച്ച നീക്കമാണ് ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും ഹിന്ദുത്വ ദേശീയതയിലൂടെ ഹിന്ദുമത വിശ്വാസികളെ തങ്ങളുടെ കൂടെ അണിനിരത്തി വിജയം കൈവരിക്കാന്‍ കഴിയും എന്ന കണക്കുകൂട്ടലിലാണ് ഈ നീക്കങ്ങളെല്ലാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കണമെങ്കില്‍ ഹിന്ദു ദേശീയത കൂടി തെരഞ്ഞെടുപ്പിലെ അജണ്ടയാക്കണമെന്ന് ആര്‍എസ്എസ് അഖിലേന്ത്യാ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ കേളികൊട്ടാണ് ഇപ്പോള്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളും ജനാധിപത്യ വിരുദ്ധമായ നടപടികളും. മുസ്ലീം വിരുദ്ധ നിലപാടിന്റെ അടിസ്ഥാനത്തില്‍ സങ്കുചിതമായ ഹിന്ദു ദേശീയതയിലൂടെ ഹിന്ദുമത വിശ്വാസികളെ ഏകീകരിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ് ഗൂഢോദ്ദേശ്യം. ആര്‍എസ്എസിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ഈയിടെ നടത്തിയ പ്രസ്താവന രാജ്യത്ത് ചര്‍ച്ചാവിഷയമായതാണ്. തങ്ങളുടെ അജണ്ട എന്താണെന്ന് മോഹന്‍ ഭാഗവത് അതിലൂടെ വ്യക്തമാക്കുകയായിരുന്നു.

‘ഇന്ത്യ വിദേശശക്തികളുടെ ഭീഷണിയല്ല നേരിടുന്നത്, ആഭ്യന്തര ശക്തികളുടേതാണ്. നൂറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളാണ് രാജ്യത്ത് നാശമുണ്ടാക്കിയത്. ഹിന്ദുവിശ്വാസികള്‍ ഇന്ന് ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അത് അഭിമാനകരമാണ്. ഇനിയും അത് തുടരണം.’ മോഹന്‍ ഭാഗവതിന്റെ ഈ ആഹ്വാനമാണ് രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളില്‍ ഇന്ന് നടപ്പിലാക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന ഹിന്ദുമത ദര്‍ശനങ്ങളെ സങ്കുചിതമായ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഹിന്ദുമതം മറ്റ് മതങ്ങള്‍ക്കും എതിരാണ് എന്ന് പ്രചരിപ്പിക്കുന്നു. ഹിന്ദുത്വ ദേശീയതയിലൂടെ ഹിന്ദുമതവിശ്വാസികളെ ഭ്രാന്ത് പിടിപ്പിച്ച് വീണ്ടും അധികാരത്തില്‍ വരാനുള്ള നീക്കങ്ങളാണ് സംഘ്പരിവാര്‍ നടത്തുന്നത്. മോഹന്‍ ഭാഗവതിന്റെ ആഹ്വാനവും രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളും അതാണ് വ്യക്തമാക്കുന്നത്.

Exit mobile version