Site iconSite icon Janayugom Online

മൺസൂൺ ആർട്ട്‌ ഫെസ്റ്റ് ഇന്ന് സമാപിക്കും

കലാസ്വാദകർക്ക് പുതുവത്സര സമ്മാനമായി മുന്നൂറോളം കലാസൃഷ്ടികളുടെ വിരുന്നൊരുക്കി സംഘടിപ്പിച്ചിട്ടുള്ള മൺസൂൺ ആർട്ട് ഫെസ്റ്റ് ആറാമത് എഡിഷൻ ഇന്ന് സമാപിക്കും. മലയാളികളായ കേരളത്തിനകത്തും പുറത്തുമുള്ള 150 കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും ഗ്രാഫിക് പ്രിന്റ്റുകളുമാണ് എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ദേശീയ അന്തർ ദേശീയ പ്രദർശനങ്ങളിലും ബിനാലെകളിലും പങ്കെടുത്തിട്ടുള്ള ചിത്രകാരന്മാർ മുതൽ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കലാകാരന്മാരുടെ വേറിട്ട രചനകളും ഗഹനമായ ചിന്തകളിലേക്ക് മിഴിതുറക്കുന്ന സൃഷ്ടികൾ വരെ മൺസൂൺ ഫെസ്റ്റ് ആറാമത് എഡിഷനിൽ ഇടംപിടിച്ചിട്ടുണ്ട്.

മികച്ച കലാകാരന്മാരിൽ നിന്നും ഏറ്റവും പുതിയ രചനകൾ കണ്ടെത്തിയാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് മൺസൂൺ ഫെസ്റ്റ് ക്യൂറേറ്റർ ടി ആർ ഉദയകുമാർ പറഞ്ഞു. ശില്പകലയിൽ പ്രതീക്ഷകളുള്ള പ്രതിഭകൾ ഉണ്ടെന്ന് ഈ പ്രദർശനത്തിലെ ശില്പങ്ങൾ വിളിച്ചുപറയുന്നുണ്ട്. അക്രിലിക്, ഓയിൽ പെയിന്റ്, മിക്സഡ് മീഡിയ, പേസ്റ്റൽ, വാട്ടർ കളർ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും വരച്ചിട്ടുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബെഞ്ചമിൻ ബെയ്ലി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം ആർട്ട്‌ ഫൌണ്ടേഷനാണ് മൺസൂൺ ആര്ട്ട് ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. ആറിന് പ്രശസ്ത ശില്പി എൻ എൻ റിംസൺ ഉദ്‌ഘാടനം ചെയ്ത പ്രദർശനം ഇന്ന് വൈകിട്ട് സമാപിക്കും. ചിത്രകലാ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് കലാസ്വാദകരാണ് ഈ വർണോത്സവം കാണുവാൻ എത്തിയത്. 

അക്കിത്തം നാരായണൻ, എൻ എൻ റിംസൺ, പി ഗോപിനാഥൻ, ഭാഗ്യനാഥൻ, ടോം വട്ടക്കുഴി, സജിത ശങ്കർ, നജീന നീലാംബരൻ, കെ പി റെജി, മുരളി ചീറോത്ത്, ബി. ഡി ദത്തൻ, ടി കലാദരൻ, അഭിമന്യൂ ഗോവിന്ദൻ, രതീദേവി പണിക്കർ, കെ രഘു നാഥൻ, നജീന നീലാംബരൻ, ബാബു സേവ്യർ, ടി എം അസിസ്, രാധാ ഗോമതി, ലേഖ നാരായണൻ, പി വി നന്ദൻ, കെ ടി മത്തായി, സനം നാരായണൻ, പ്രദീപ് പുത്തൂർ, അജി അടൂർ, ടി ആർ ഉപേന്ദ്രനാഥ്‌, ബിന്ദി രാജഗോപാൽ, പ്രമോദ് കുരമ്പാല, ബാലകൃഷ്ണൻ കതിരൂർ, കെ എ ഫ്രാൻസിസ്, സജിത്ത് പുതുക്കലവട്ടം, ടി ആർ ഉദയകുമാർ ഉൾപ്പെടെ 150 പേരാണ് പ്രദർശനത്തിൽ പങ്കാളികളായിട്ടുള്ളത്.

Eng­lish Sum­ma­ry: Mon­soon Art Fest ends today

You may also like this video

Exit mobile version