Site iconSite icon Janayugom Online

കൂടുതല്‍ പൗരാവകാശ സംഘടനകളും പാര്‍ട്ടികളും; ഇന്ത്യയോട് ചേരുന്നു

INDIAINDIA

ബിജെപിയുടെ ദുര്‍ഭരണത്തിനെതിരെ രാജ്യത്തെ പ്രമുഖ പൗരാവകാശ സംഘടനകളും കൂടുതല്‍ രാഷ്ട്രീയ കക്ഷികളും ഇന്ത്യ സഖ്യത്തോട് കൈകോര്‍ക്കുന്നു. പൗരാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ മേല്‍ഘടകമായ ഭാരത് ജോഡോ അഭിയാനും 18 ഓളം രാഷ്ട്രീയപാര്‍ട്ടികളും ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
രാജ്യത്തെ 150 ഓളം ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യത്തിനായി പ്രചാരണം നടത്തുമെന്ന് ഭാരത് ജോഡോ അഭിയാന്‍ കണ്‍വീനര്‍ യോഗേന്ദ്ര യാദവ് അറിയിച്ചു. 1.25 ലക്ഷം സന്നദ്ധഭടന്മാരെ ഇതിനായി വിവിധ സംഘടനകള്‍ അണിനിരത്തും. ഗാന്ധിജയന്തി ദിനമായ നാളെ മുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഇന്ത്യ സഖ്യത്തിന്റെ ആവിർഭാവത്തോടെ രാജ്യത്ത് ബിജെപിക്ക് ബദലുണ്ടെന്ന് തെളിഞ്ഞതായി യോഗേന്ദ്ര യാദവ് പറഞ്ഞു. ബിജെപിയുടെ വിജയത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നത് വിദ്വേഷം കൈമുതലാക്കിയ ആര്‍എസ്എസാണ്. ഇതിന് ബദലായി സാംസ്കാരിക അടിത്തറ നൽകി ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താന്‍ വിവിധ സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ സാധിക്കും. രാജ്യത്തെ ബിജെപിയില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യ സഖ്യത്തിന് നിരുപാധിക പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ വാർധയിലെ ഗാന്ധി സേവാശ്രമത്തില്‍ നിന്നായിരിക്കും ബിജെപിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ബിജെപിയുടെ സമൂഹമാധ്യമ ഇടപെടലുകളെ പ്രതിരോധിക്കുന്നതിനായി ‘ട്രൂത്ത് ആര്‍മി’ ക്ക് രൂപം നല്‍കും. ബിജെപി നേരിയ വ്യത്യാസത്തിൽ ജയിക്കുന്ന മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തായിരിക്കും പ്രവര്‍ത്തനം.

പ്രതിപക്ഷ വോട്ടുകൾ ഏകീകരിച്ചാൽ ബിജെപിയെ നിഷ്പ്രയാസം തോല്പിക്കാനാകുമെന്നും ബിജെഎ ദേശീയ കോ ഓർഡിനേറ്റർ വിജയ് മഹാജൻ പറഞ്ഞു.
ബിജെഎ സംഘടിപ്പിച്ച ദേശീയ ജനാധിപത്യ കൺവെൻഷനില്‍ 20ലധികം സംസ്ഥാനങ്ങളിൽ നിന്നായി 50 ലേറെ പൗരാവകാശ സംഘടന, 18 രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാൻ തുടങ്ങിയവരും അഭിവാദ്യം ചെയ്തു. 

Eng­lish Sum­ma­ry: more civ­il rights orga­ni­za­tions and par­ties; Join­ing India

You may also like this video

Exit mobile version