രാജ്യത്തുടനീളമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ അയ്യായിരത്തിലധികം അധ്യാപകരുടെ ഒഴിവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. 5,182 ഒഴിവുകളാണ് നികത്താനുള്ളതെന്നും അധ്യാപകര്‍ വിരമിച്ചതും രാജിവച്ചതും കുട്ടികളുടെ എണ്ണും കൂടിയതുമാണ് ഇതിന് കാരണമെന്നും വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ പറഞ്ഞു.
പ്രത്യേക നിയമന യജ്ഞത്തിലൂടെ 7,650 ഒഴിവുകള്‍ നികത്തിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയില്‍ യൂണിവേഴ‍്സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യുജിസി) സെന്‍ട്രല്‍ യൂണിവേഴ‍്സിറ്റി-ചായന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇതിലൂടെ കേന്ദ്രസര്‍വകലാശാലകളിലെ ഒഴിവുകള്‍ നികത്തുന്നതിനും വിജ്ഞാപനം പരസ്യം ചെയ്യുന്നതിനും കഴിയുന്നു. വിദ്യാഭ്യാസമന്ത്രാലയവും യുജിസിയും എല്ലാ യൂണിവേഴ‍്സിറ്റികളെയും നിരീക്ഷിച്ച് ഒഴിവുകള്‍ പതിവായി നികത്താന്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
കേന്ദ്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, 15,139 അധ്യാപകര്‍ ഉള്‍പ്പെടെ മൊത്തം 25,777 തസ്തികകള്‍ നികത്തി. എന്നാല്‍ അധ്യാപക ഒഴിവുകള്‍ ഇപ്പോഴും പ്രശ‍്നമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍വകലാശാല, ഐഐടി, ഐഐഐടി, എന്‍ഐടി, ഐഐഎം, ഐഐഎസ‌്സി ബംഗളൂരു, ഐഐഎസ്ഇആര്‍ എന്നിവിടങ്ങളിലായി 25,257 ഒഴിവുകള്‍ നികത്തി. ഇതില്‍ 15,407 എണ്ണം അധ്യാപക തസ്തികയാണെന്നും മന്ത്രി പറഞ്ഞു.